കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽനിന്ന് കോവിഡ് വ്യാപന വാർത്ത വരുന്നതിനിടയിലും എണ്ണവില ഉയരുന്നത് പെട്രോളിയം വിൽപനയെ മുഖ്യമായി ആശ്രയിച്ചുകഴിയുന്ന കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു. കുവൈത്ത് എണ്ണക്ക് വെള്ളിയാഴ്ച ബാരലിന് 83.45 ഡോളർ വില രേഖപ്പെടുത്തി.
തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് 1.81 ഡോളർ ആണ് വില ഉയർന്നത്. അതേസമയം, ബ്രെൻറ് ക്രൂഡോയിലിന് 24 സെൻറ് വില കുറഞ്ഞ് 81.75 ഡോളർ ആണ് വില രേഖപ്പെടുത്തിയത്. വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റ് ക്രൂഡിന് 56 സെൻറ് വില കുറഞ്ഞ് 78.90 ഡോളറിലെത്തി. കോവിഡ് വ്യാപനം അവസാനിച്ചാൽ പെട്രോളിയം വിലയിൽ കുതിപ്പുണ്ടാകുമെന്ന സൂചനയാണ് വിദഗ്ധർ നൽകുന്നത്.
80 ഡോളറിന് മുകളിലേക്ക് വിലയെത്തിയത് കുവൈത്ത് ഉൾപ്പെടെ പെട്രോളിയത്തെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ്. ബജറ്റ് കമ്മി ഇല്ലാതാക്കാൻ ഇത് പര്യാപ്തമല്ലെങ്കിലും കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞു. 100 ഡോളർ വരെ വർധിച്ചേക്കുമെന്ന് ഗോൾഡ്മാൻ സാചസ്, ജെ.പി മോർഗൻ എന്നിവ പ്രവചിച്ചതും പ്രതീക്ഷ വർധിപ്പിച്ചു. 2014ന് ശേഷം എണ്ണവില ബാരലിന് 100 ഡോളർ കടന്നിട്ടില്ല. മുഖ്യ വരുമാനമായ എണ്ണവില കൂപ്പുകുത്തിയതോടെ ബജറ്റ് താളം തെറ്റിയ കുവൈത്ത് കമ്മി നികത്താൻ കടമെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.