ഉച്ചസമയത്തെ ജോലി വിലക്ക് നീങ്ങി

കുവൈത്ത് സിറ്റി: വേനൽ അവസാനത്തിലെത്തിയതോടെ രാജ്യത്ത് ജൂൺ ഒന്ന് മുതൽ നടപ്പിലാക്കിയ ഉച്ചസമയത്തെ ജോലി വിലക്കിന് അവസാനമാകുന്നു. കനത്ത ചൂടും വേനലും കണക്കിലെടുത്തു മൂന്നുമാസത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഒഴിവാകുന്നത്. നിയമം ലംഘിച്ച 360ഓളം കമ്പനികൾക്കെതിരെ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടപടി സ്വീകരിച്ചതായും മാൻ പവർ അധികൃതർ അറിയിച്ചു.

കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതപംപോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും ഉച്ചസമയത്ത് പുറംജോലി വിലക്കേർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 നും അഞ്ചിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയായിരുന്നു വിലക്ക്. നിയമം പാലിക്കപ്പെടുന്നു എന്നുറപ്പാകാൻ വർക്ക് സൈറ്റുകളിൽ മാൻപവർ അതോറിറ്റിയിലെ ഇൻസ്‌പെക്ഷൻ ടീം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസത്തിനുള്ളിൽ നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച 360ലധികം കമ്പനികൾക്കെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു.

ആകെ 420 കൺസ്ട്രക്ഷൻ സൈറ്റുകളിലാണ് പരിശോധന നടത്തിയത്. 450 മുന്നറിയിപ്പ് നോട്ടീസുകൾ നൽകി. വിലക്ക് സമയത്ത് തൊഴിലെടുത്ത 600ഓളം തൊഴിലാളികൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി അതോറിറ്റി അറിയിച്ചു. നിയമലംഘനത്തെക്കുറിച്ച് പരാതി അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ ഏർപ്പെടുത്തിയിരുന്നു.

എന്നാൽ, ഇതുവഴി പരാതികൾ കുറവായിരുന്നു. ആകെ 20 പരാതികൾ മാത്രമാണ് ഇതുവഴി ലഭിച്ചത്. അവസാന പത്ത് ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമം തെറ്റിച്ച 20 കമ്പനികളെയും 20 തൊഴിലാളികളെയും കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്ത് അനുഭവപ്പെട്ട കനത്ത ചൂടിന് ആഗസ്റ്റ് അവസാനത്തോടെ കുറവുണ്ടായിട്ടുണ്ട്. വരുംമാസങ്ങളിൽ താപനില താഴേക്കു പോകും. 

Tags:    
News Summary - Noon work ban lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.