കുവൈത്ത് സിറ്റി: ഇസ്രായേലും ഇറാനും തമ്മിൽ അടുത്തിടെ ഉണ്ടായ സംഘർഷത്തിലും തുടർന്നും ഗൾഫ് മേഖലയിലുടനീളമുള്ള ആണവ വികിരണ അളവ് സാധാരണ പരിധിക്കുള്ളിൽ തുടരുന്നതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘം. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന വ്യോമാക്രമണങ്ങൾ ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പ്രസ്താവനയിൽ വ്യക്തമാക്കി.
സൂക്ഷ്മമായ റേഡിയോ ആക്ടീവ് വികിരണംപോലും ഐ.എ.ഇ.എയുടെ ആഗോള റേഡിയേഷൻ മോണിറ്ററിങ് സിസ്റ്റം കണ്ടെത്തും. 48 രാജ്യങ്ങളുടെ ഒരു ശൃംഖല റേഡിയേഷൻ അളവ് നിരീക്ഷിക്കുകയും ആണവ റിയാക്ടറുകളിൽനിന്നുള്ള ഏതെങ്കിലും ഉദ്വമനം ഉടനടി രേഖപ്പെടുത്തുകയും ചെയ്യും. ഭാഗ്യവശാൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സംഘട്ടന സമയത്ത് ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കരുത് എന്ന ഐ.എ.ഇ.എയുടെ ദീർഘകാല നിലപാട് ഗ്രോസി ആവർത്തിച്ചു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പരിശോധിക്കാൻ പരിശോധകർക്ക് തുടർന്നും പ്രവേശനം അനുവദിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
അതേസമയം ഐ.എ.ഇ.എയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്ന ബിൽ ഇറാൻ പരിഗണനയിലാണ്. സംഘർഷ പശ്ചാത്തലത്തിൽ ജി.സി.സി രാജ്യങ്ങളിൽ ആണവ വികിരണ ഭീതി ഉടലെടുക്കുകയും മുന്നൊരുക്കൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ രാജ്യങ്ങളും വികിരണ അളവ് സാധാരണ നിലയിൽ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.