കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവ രക്തഗ്രൂപ് ആയതിനാൽ ശസ്ത്രക്രിയ മുടങ്ങിയ യുവതിക്ക് ജീവരക്തവുമായി കണ്ണൂർ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥ് ഖത്തറിൽനിന്ന് കുവൈത്തിലേക്ക് പറന്നെത്തി. കുവൈത്തിൽ ഇഖാമയുള്ളവരിൽനിന്ന് മാത്രമേ രക്തം സ്വീകരിക്കാൻ പാടുള്ളൂ എന്ന നിയമം തടസ്സമായപ്പോൾ ആരോഗ്യമന്ത്രാലയം പ്രത്യേകാനുമതി നൽകി. ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിെൻറ ഇടപെടൽ വഴിയാണ് ബോംബെ ഗ്രൂപ് എന്നറിയപ്പെടുന്ന അത്യപൂർവ ഗ്രൂപ്പിൽപെട്ട ദാതാവിനെ ഖത്തറിൽ കണ്ടെത്തിയത്.
ബ്ലഡ് ഡോണേഴ്സ് കേരള ഖത്തർ ചാപ്റ്റർ അംഗമാണ് നിധീഷ്. ബ്ലഡ് ബാങ്ക് അധികൃതർ ആരോഗ്യമന്ത്രാലയത്തിൽനിന്നുള്ള പ്രത്യേക അനുമതിയോടെ ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനുമായി ആശയവിനിമയം നടത്തുകയും ഗ്രൂപ് സ്ഥിരീകരിക്കുകയും ചെയ്തതോടെ വ്യാഴാഴ്ച ഉച്ചക്കുള്ള ഖത്തർ എയർവേസ് വിമാനത്തിൽ നിധീഷ് കുവൈത്തിലെത്തി. അദാൻ ആശുപത്രിയിൽ സിസേറിയൻ കാത്തു കഴിയുന്ന മംഗലാപുരം സ്വദേശിനിയായ വിനീത എന്ന യുവതിയാണ് ബോംബെ ഒ പോസിറ്റിവ് രക്തഗ്രൂപ് കുവൈത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ ദുരിതത്തിലായത്.
10 ലക്ഷത്തിൽ നാലുപേർക്ക് മാത്രം കാണുന്ന അപൂർവ ഗ്രൂപ് രക്തം കിട്ടാത്തതിനാൽ കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ നീളുകയായിരുന്നു.
കേരളം ബ്ലഡ് ഡോണേഴ്സ് ഫോറം കുവൈത്ത് ചാപ്റ്റർ പ്രവർത്തകരുടെ അന്വേഷണത്തിനൊടുവിലാണ് ഖത്തറിൽ അൻസാർ ഗാലറിയിൽ ജോലി ചെയ്യുന്ന നിധീഷ് രഘുനാഥിന് ഇതേ ഗ്രൂപ് ആണെന്ന് കണ്ടെത്തിയത്. ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകരും യുവതിയുടെ ഭർത്താവ് ദയാനന്ദും ചേർന്ന് വിമാനത്താവളത്തിൽ നിതീഷിനെ സ്വീകരിച്ചു. വിനീത-ദയാനന്ദ് ദമ്പതികള്‍ക്ക് അഞ്ചുവര്‍ഷം കാത്തിരുന്നാണ് കുഞ്ഞുണ്ടാവുന്നത്.
ബോംബെ ഗ്രൂപ്
1952ൽ മുംൈബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ് ആദ്യമായി തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലും അതിനോടുചേർന്ന കർണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റിവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ് എന്ന പേരു വന്നത്. ഇന്ത്യയിലാകെ 740 പേരാണ് ഈ രക്തഗ്രൂപ്പില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ 67 പേരും മലയാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.