പാലസ് ഓഫ് ജസ്റ്റിസ് രൂപകൽപന
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ കുവൈത്തിലെ പാലസ് ഓഫ് ജസ്റ്റിസ് ഒന്നാം ഘട്ടം നിർമാണം പൂർത്തിയാക്കി രാജ്യത്തിന് തുറന്നുകൊടുത്തു. 210,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒന്നാം ഘട്ടത്തിൽ ആറ് മീഡിയ ഹാൾ ഉൾപ്പെടെ 68 കോടതി മുറികളാണുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ 131,000 ചതുരശ്ര മീറ്റർ വിസ്തൃതി വരുന്ന 141 കോടതി മുറികളാണ് 26 നിലകളിലായി ഉണ്ടാവുക. അനുബന്ധ സൗകര്യങ്ങൾ വേറെ. 2700 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന വിശാലമായ പാർക്കിങ് സൗകര്യവുമുണ്ടാകും.
2019ലാണ് നിർമാണം തുടങ്ങിയത്. കുവൈത്ത് സിറ്റിയിൽ രാജ്യത്തിന്റെ അഭിമാന സ്തംഭമായി മാറിയേക്കാവുന്ന നിർമിതിയാണ് പാലസ് ഓഫ് ജസ്റ്റിസ്. കുവൈത്തിന്റെ വിഷൻ 2035 വികസന പദ്ധതിയിലെ നാഴികക്കല്ലുകളിൽ ഒന്നാണിത്. തുല്യതയെയും നീതിയെയും പ്രതിനിധാനം ചെയ്യുന്ന രീതിയിൽ രണ്ട് തുല്യ അളവിലുള്ള സ്തംഭങ്ങളായാണ് പാലസ് ഓഫ് ജസ്റ്റിസ് രൂപകൽപന ചെയ്തിട്ടുള്ളത്. കോവിഡ് അടക്കം പ്രതിബന്ധങ്ങൾക്കിടയിലും റെക്കോഡ് വേഗത്തിലാണ് നിർമാണം നടത്തിയത്.
പാലസ് ഓഫ് ജസ്റ്റിസ് ഒന്നാം ഘട്ടം ഉദ്ഘാടന ചടങ്ങിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഡോ. ആദിൽ മാജിദ് ബൂറെസ്ലി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് തുടങ്ങിയവർ
കോവിഡ് കാലത്തും പ്രോട്ടോകോൾ പാലിച്ച് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടർന്നത് കൊണ്ടാണ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് പദ്ധതി നിർവഹണം നടത്തുന്ന കുവൈത്തി ആർക്കിടെക്ചർ ആൻഡ് എൻജിനീയറിങ് കമ്പനിയായ ‘പേസ്’ വ്യക്തമാക്കി. പാലസ് ഓഫ് ജസ്റ്റിസിന് കെട്ടിട രൂപകൽപനക്ക് വിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2024ലെ മീഡ് പ്രോജക്ട്സ് അവാർഡിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രോജക്ട് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചു. കുവൈത്തിലെ ബിൽഡിങ് ഓഫ് ദി പുരസ്കാരവും റീജനൽ വിന്നർ പുരസ്കാരവും നേടി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഡോ. ആദിൽ മാജിദ് ബൂറെസ്ലി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.