കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വ്യോമ,കടൽ മാർഗമുള്ള ചരക്ക് നീക്കത്തിന് പ്രയാസം നേരിട്ടതോടെ സൗദി വഴി കരമാർഗം കുവൈത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നു. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴി കുവൈത്തിലേക്കുള്ള വിതരണ ശൃംഖലകൾക്കായി സുപ്രധാന ഇടനാഴി സ്ഥാപിച്ചതായി ജസീറ എയർവേയ്‌സ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് കുവൈത്തിലേക്ക് 4.5 ടൺ പുതിയ പഴങ്ങളും പച്ചക്കറികളും എത്തിച്ചു.
ഖൈസുമ വിമാനത്താവളത്തിലേക്ക് സാധനങ്ങൾ വിമാനമാർഗം എത്തിക്കുകയും തുടർന്ന് കരമാർഗം കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഭാവിയിൽ സുഗമമായി ഇത് തുടരാനാകുമെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ബരത്തൻ പശുപതി പറഞ്ഞു.കുവൈത്ത്, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഏവിയേഷൻ അതോറിറ്റികൾ, കസ്റ്റംസ്, മറ്റ് നിരവധി ഏജൻസികൾ എന്നിവരുൾപ്പെടെയുള്ള പ്രസക്തമായ അധികാരികളുമായി അടുത്ത ഏകോപനം ആവശ്യമാണെന്നും വ്യക്തമാക്കി.
വ്യോമാതിർത്തിയിലെ വെല്ലുവിളികളുടെ കാലത്ത് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നത് ദേശീയ പ്രാധാന്യമുള്ള കാര്യമാണെന്ന് പശുപതി ഊന്നിപ്പറഞ്ഞു. വിതരണ ശൃംഖലകളുടെ ഒഴുക്ക് നിലനിർത്തി സമൂഹത്തെ സേവിക്കുന്നതിലൂടെ രാജ്യത്തെ പിന്തുണക്കാൻ ജസീറ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.