കുവൈത്ത്: ഏകീകൃത സർക്കാർ ഇ-സേവന ആപ്ലിക്കേഷനായ ‘സഹ്ൽ’ ആപ്പില്‍ ഭവന ഉടമസ്ഥാവകാശ രേഖകൾ ഡിജിറ്റലായി ലഭ്യമാക്കുന്ന പുതിയ സേവനം ആരംഭിച്ചു. ഗവൺമെന്റ് സേവനങ്ങളെ പൂർണമായും പേപ്പർ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഞായറാഴ്ച ഈ സുപ്രധാന നീക്കം നടന്നത്.
കുവൈത്ത് ക്രെഡിറ്റ് ബാങ്ക്, ഹൗസിങ് വെൽഫെയർ അതോറിറ്റി, മുനിസിപ്പാലിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് സേവനം നടപ്പാക്കുന്നത്. കരാർ ഒപ്പിടൽ ഒഴികെ സ്ഥാപനങ്ങൾ സന്ദർശിക്കാതെ തന്നെ സ്മാർട്ട് അറിയിപ്പുകൾ വഴി എല്ലാ നടപടികളും പൂർത്തിയാക്കാം. ഉടമസ്ഥാവകാശ രേഖ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായാൽ, സിസ്റ്റം സ്വയമേവ നടപടികൾ ആരംഭിക്കും. പൗരന്മാർ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. പ്രോപ്പർട്ടി ഡിസ്ക്രിപ്ഷൻ സർട്ടിഫിക്കറ്റുകൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ മുൻസിപ്പാലിറ്റി നടപടികൾ ലഘൂകരിച്ചു. കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതും രേഖകൾ നിയമപരമായി അംഗീകരിക്കുന്നതും മന്ത്രാലയം ഡിജിറ്റലായി നിർവ്വഹിക്കും. ഓരോ ഘട്ടവും ആപ്പിലൂടെ നോട്ടിഫിക്കേഷനായി ലഭിക്കും. കരാർ ഒപ്പിടുന്നതിന് മാത്രമായിരിക്കും ഇനി നേരിട്ട് ഓഫിസിൽ എത്തേണ്ടി വരിക.
പൗരന്മാർക്ക് സേവനങ്ങൾ ലളിതമാക്കുകയും നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.