കുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പെത്താൻ വൈകും. കഠിന ശൈത്യകാല തണുപ്പിന്റെ ആരംഭത്തിന് പരമ്പരാഗതമായി അറിയപ്പെടുന്ന മുറബ്ബാനിയ്യ കാലഘട്ടം ഈ വർഷം പതിവിലും വൈകിയാണ് ആരംഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു.
ഡിസംബർ ആറിന് ആരംഭിക്കുന്നതിന് പകരം, ഡിസംബർ പകുതിയോടെ ഈ കാലയളവ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് രാജ്യത്ത് ശൈത്യകാലം ആരംഭിക്കുന്നത് വൈകുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
മുറബ്ബാനിയ്യ സാധാരണയായി 39 ദിവസം നീണ്ടുനിൽക്കുകയും ജനുവരി 15 ന് അവസാനിക്കുകയും ചെയ്യും.
ഈ ഘട്ടത്തിൽ രാജ്യത്തുടനീളം ക്രമേണ തണുത്ത കാലാവസ്ഥ കൊണ്ടുവരും. മുറബ്ബാനിയ്യ കാലയളവിനെ പരമ്പരാഗതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോന്നും ഏകദേശം 13 ദിവസം നീണ്ടുനിൽക്കുന്നതാണ്. ഇക്ലിൽ (ഡിസംബർ 6-18), ഖൽബ് (ഡിസംബർ 19-31), ഷുല (ജനുവരി 1-15) എന്നിങ്ങനെയാണിവ. മുറബ്ബാനിയഘട്ടത്തെ സാധാരണയായി സൈബീരിയൻ ഉയർന്ന മർദ സംവിധാനം ബാധിക്കാറുണ്ട്. ഇതാണ് താപനില കുറയുന്നതിനും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റിനും കാരണമാകുന്നത്. എന്നാൽ ഈ വർഷം സൈബീരിയൻ കാറ്റിന്റെ വരവ് ഡിസംബർ പകുതിവരെ വൈകും. ഇതാണ് താപനിലയിലെ പ്രതീക്ഷിക്കുന്ന കുറവ് വൈകിപ്പിക്കാൻ കാരണം.
മുറബ്ബാനിയ്യ ഘട്ടത്തെ രണ്ട് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ആദ്യത്തേത് താരതമ്യേന മിതമായ തണുപ്പുള്ളതും രണ്ടാമത്തേത് കടുത്ത തണുപ്പിന്റേതുമാണ്. ഡിസംബർ 28ന് രണ്ടാം ഘട്ടം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ദിവസങ്ങളിൽ താപനില മരവിപ്പിക്കുന്ന നിലയിലേക്ക് താഴാൻ സാധ്യതയുണ്ട്.
അതേസമയം, ശനിയാഴ്ച മുതൽ മഴക്ക് സാധ്യത പ്രതീക്ഷിച്ചിരുന്നുവെങ്കിലും എത്തിയില്ല. വരും ദിവസങ്ങളിൽ മഴ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.