കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് മാത്രമല്ല, റോഡ് ഉപയോഗിക്കുന്നതിനും മുനിസിപ്പൽ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുംവരെ പ്രത്യേക ഫീസ് ഈടാക്കണമെന്ന് സഫ അൽ ഹാഷിം എം.പി. കഴിഞ്ഞദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാർലമെൻറിലെ ധനകാര്യ സമിതി അംഗം കൂടിയായ എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശികൾ ഉപയോഗപ്പെടുത്തുന്ന മുഴുവൻ സേവനങ്ങൾക്കും ഫീസ് ഏർപ്പെടുത്തണം. കുവൈത്ത് മുനിസിപ്പാലിറ്റിയാണ് വിദേശികളുടെ താമസയിടങ്ങളിൽനിന്ന് പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നത്.
അതിനടക്കം നിശ്ചിത സംഖ്യ ഫീസ് ഏർപ്പെടുത്തണം. ഇന്ന് ചേരുന്ന ധനകാര്യ സമിതി യോഗത്തിൽ വിദേശികളയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യത്തിൽ ചർച്ച പൂർത്തിയാക്കും. ഫീസ് ഏർപ്പെടുത്തൽ അനിവാര്യവുമാണ്. ഇതിന് ഭരണഘടനാ സാധുതയില്ലെന്ന വാദം തള്ളപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു. അഞ്ചു വർഷത്തിനിടെ 19 ബില്യൻ ദീനാറാണ് രാജ്യത്തിന് പുറത്തേക്കൊഴുകിയത്. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും ഈ നിയമം പ്രാബല്യത്തിലുള്ളപ്പോൾ ഇവിടെ മാത്രം ആയിക്കൂടാ എന്ന് പറയുന്നതിൽ ന്യായമില്ല.
അടുത്ത 18 മാസത്തിനുള്ളിൽ പൊതുമേഖലയിൽ 70 ശതമാനം കുവൈത്തിവത്കരണം നടപ്പാക്കണം. ഇതിനുവേണ്ടി സർക്കാർ മേഖലയിലെ വിദേശ ജീവനക്കാരുടെ എണ്ണം സമിതി കൃത്യമായി ശേഖരിച്ചുവരുകയാണ്. തങ്ങളുടെ വകുപ്പുകളിൽ കുവൈത്തിവത്കരണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രിമാർക്ക് ഉത്തരവാദിത്തമുണ്ടെന്നും സഫാഹ് അൽ ഹാഷിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.