കുവൈത്ത് സഹായവസ്തുക്കൾ ഗസ്സയിൽ
കുവൈത്ത് സിറ്റി: ഫലസ്തീനികൾക്ക് എയർ ബ്രിഡ്ജ് വഴി കുവൈത്ത് അയച്ച മാനുഷിക സഹായങ്ങളിൽ ഭൂരിഭാഗവും ഈജിപ്തിലെ റഫ അതിർത്തി വഴി ഗസ്സയിൽ എത്തിയതായി ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി (ഇ.ആർ.സി.എസ്) തലവൻ റാമി അൽ നാസർ വ്യക്തമാക്കി.
കുവൈത്തിന്റെ 280 ടൺ ഭക്ഷണ, മെഡിക്കൽ സാമഗ്രികളും ടെന്റുകളും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും ആംബുലൻസുകളും ലഭിച്ചതായും അൽ നാസർ കൂട്ടിച്ചേർത്തു. ഇവയിൽ ഭൂരിഭാഗവും ഗസ്സയിൽ എത്തി. ശേഷിക്കുന്ന സഹായം എത്തിക്കാനും ഇ.ആർ.സി.എസ് പ്രവർത്തിക്കുന്നതായും സൂചിപ്പിച്ചു.
ഗസ്സക്ക് അടിസ്ഥാന ആവശ്യങ്ങൾ നൽകുന്നതിന് കുവൈത്ത്, ഈജിപ്ത്, ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റികൾക്കിടയിൽ ഏകോപനമുണ്ട്. റഫ ക്രോസിങ് വഴിയാണ് ഫലസ്തീൻ റെഡ് ക്രസന്റിന് സഹായം കൈമാറുന്നത്. 9,000ത്തിലധികം പേർ കൊല്ലപ്പെടുകയും 32,000 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേൽ അധിനിവേശ ആക്രമണത്തിന്റെ വെളിച്ചത്തിൽ ഗസ്സക്കാർക്ക് ആശ്വാസം നൽകാനുള്ള കുവൈത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തെ റാമി അൽ നാസർ അഭിനന്ദിച്ചു.
ഇസ്രായേൽ ആക്രമണം നേരിടുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് ആശ്വാസമേകാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കുവൈത്ത് ഉടനടി എയർ ബ്രിഡ്ജ് ആരംഭിക്കുകയുണ്ടായി. 10 വിമാനങ്ങളിലായി 280 ടൺ സഹായം കുവൈത്ത് ഇതുവരെ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.