കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളുടെ മേൽനോട്ടം കർശനമാക്കാൻ പ്രാദേശിക ബാങ്കുകൾക്ക് നിർദേശം നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്.
പെർമിറ്റ് കാലാവധി കഴിഞ്ഞവരുടെ പേര് വിവരങ്ങളും സിവിൽ ഐഡി നമ്പറുകളും ബാങ്കുകൾക്ക് കൈമാറുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി സെൻട്രൽ ബാങ്ക് സഹകരിച്ച് പ്രവർത്തിക്കും. ഉപഭോക്താക്കളുടെ ഡാറ്റ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിനും പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ ദുരുപയോഗം തടയുന്നതിനും ബാങ്കുകളെ സഹായിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ ചില ബാങ്കുകൾക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാതിരുന്നത് വഴി അവരുടെ അക്കൗണ്ടുകൾ സജീവമായി തുടരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത് വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകൾ നടക്കാൻ കാരണമായി.
'നോ യുവർ കസ്റ്റമർ' (കെ.വൈ.സി) മാനദണ്ഡങ്ങൾ പാലിക്കാനും ഈ അക്കൗണ്ടുകൾക്ക് മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും ബാങ്കുകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ നിയന്ത്രണങ്ങൾ വർധിപ്പിക്കുന്നതിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.