‘ഓപറേഷന്‍ തൂഫാൻ’ ഈ പോരാട്ടം ശാശ്വതമാകട്ടെ...

ലഹരി മാഫിയക്കെതിരെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന'ഓപ്പറേഷന്‍ തൂഫാന്‍’ ഏറെ പ്രതീക്ഷ നൽകുന്നതാണ്. തുടക്കം കുറിച്ച ജൂൺ ഒന്നിന് തന്നെ കേരളം കണ്ടത് ലഹരിയൊഴുക്കിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. ഒരാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിന് ലഹരിയിടപാടുകാർ പൊലീസ് വലയിലായി.

സമകാലിക കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ വ്യാപനം തന്നെയാണ്. അടുത്തിടെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകൾ ലഹരിയുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര ലഹരി മാഫിയകൾ പോലും ഇന്ന് കേരളത്തെ നോട്ടമിടുന്നു എന്ന പേടിപ്പിക്കുന്ന സത്യം നമ്മെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.

ലഹരി നൽകുന്ന താൽക്കാലികമായ സുഖത്തിലൂടെ സമൂഹത്തിനു തന്നെ ബാധ്യതയാവുന്ന കൊടും ക്രിമിനലുകളായി ഒരു സമൂഹം മാറുന്നു. പെറ്റമ്മയെ വെട്ടി നുറുക്കിയിട്ട്,ജന്മം നൽകിയതിനുള്ള പ്രതികാരമാണിതെന്ന് കുറ്റബോധമില്ലാതെ ന്യായീകരിക്കുന്ന മക്കൾ, നമ്മുടെയൊക്കെ വീടകങ്ങളിലും ഇല്ലെന്ന് ഉറപ്പിച്ചുപറയാൻ കഴിയാത്ത വിധം ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും കൂടിക്കൊണ്ടിരിക്കുകയാണ്. ലഹരിയിൽ വീണുപോയ മക്കളെ കുറിച്ചുള്ള ആകുലതകളോടെ നെഞ്ച് നീറി ജീവിക്കുന്ന ഒട്ടേറെ പ്രവാസികളുടെ നിസ്സഹായത നിറഞ്ഞ ആത്മവേദനകൾക്ക് പലപ്പോഴും നേർസാക്ഷിയായിട്ടുണ്ട്.

സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ എന്നതാണ് ഭയപ്പെടുത്തുന്നതാണ്. വിദ്യാലയ മുറ്റങ്ങളിലേക്ക് ലഹരിയുടെ വിഷവിത്തുകൾ വിതറുന്നവരുടെ അടിവേരറുക്കാനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയും സഹകരണവും നൽകാൻ നമുക്കാകണം. ഈ കാലത്തെ ഏറ്റവും നല്ല സാമൂഹിക സേവനമാകും ഇത്. ലഹരി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും വാട്സ്ആപ്പ് നമ്പറും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരെ നിയമത്തിനുമുന്നിലെത്തിക്കാൻ ഈ സംവിധാനം നാം ഉപയോഗപ്പെടുത്തണം.

ലഹരിക്കെതിരെയുള്ള പോരാട്ടം സർക്കാറിന്റെ ഇടപെടലുകൾ കൊണ്ട് മാത്രം ചെറുക്കാൻ കഴിയില്ല. ഈ മരണത്തിന്റെ വ്യാപാരികൾക്കെതിരെ സമൂഹം ഒന്നിച്ചു ശബ്ദമുയർത്തണം. രാഷ്ട്രീയ പാർട്ടികൾ, ജന പ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, രക്ഷിതാക്കൾ, അധ്യാപകർ, മാധ്യമങ്ങൾ, മത സാമൂഹിക കൂട്ടായ്മകൾ, മഹല്ല് നേതൃത്വം, ക്ലബ്ബുകൾ തുടങ്ങി സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ ഒരേ മനസ്സോടെ രംഗത്തിറങ്ങണം.

നമ്മുടെ നിശ്ശബ്ദത ലഹരി മാഫിയകളുടെ ഇന്ധനമായി ഒരിക്കലും മാറാൻ പാടില്ല. ഭയരഹിതമായ സാമൂഹികാന്തരീക്ഷം തിരിച്ചുകൊണ്ടുവരാനുള്ള ഈ മഹാ ദൗത്യത്തോട് നമുക്ക് ചേർന്നുനിൽക്കാം.

Tags:    
News Summary - May this struggle for 'Operation Toofan' be eternal...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.