ദേശീയ അസംബ്ലി മന്ദിരം
കുവൈത്ത് സിറ്റി: സ്കൂൾ പരീക്ഷകളിലെ കോപ്പിയടിയെക്കുറിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച പ്രത്യേക സെഷനിൽ പങ്കെടുക്കാൻ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽസദൂൺ എം.പിമാർക്ക് ക്ഷണം അയച്ചു. ഹയർസെക്കൻഡറി പരീക്ഷാ ചോദ്യങ്ങൾ ചോർന്നത് അടുത്തിടെ വിവാദമായിരുന്നു. പരീക്ഷക്ക് തൊട്ടുമുമ്പ് വാട്സ് ആപ് ഗ്രൂപ്പികളിലേക്ക് ചോദ്യ പേപ്പർ ചോര്‍ത്തി നൽകുകയായിരുന്നു. സംഭവത്തിൽ അധ്യാപകരെ അടക്കം പിടികൂടി കർശന നടപടി സ്വീകരിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിടികൂടിയ തട്ടിപ്പ് കേസുകളുടെ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ സർക്കാറിനോട് ചില എം.പിമാർ ആവശ്യപ്പെട്ടു. വിജയ നിരക്കും പ്രകടനവും വർധിപ്പിക്കുന്നതിനായി ചില സ്വകാര്യ സ്കൂളുകൾ തങ്ങളുടെ വിദ്യാർഥികളെ പരീക്ഷകളിൽ സഹായിക്കുന്നതായ ആരോപണത്തെ ക്കുറിച്ചും എം.പിമാർ ചോദ്യം ഉയർത്തി.
സ്കൂളുകളിൽ തട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്നവരെ ഏഴുവർഷം വരെ തടവിന് ശിക്ഷിക്കുന്നതിനുള്ള കരട് നിയമവും ദേശീയ അസംബ്ലി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, സമ്മേളനത്തിൽ സർക്കാർ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല. സമ്മേളനം വിളിക്കാൻ ഒരു മന്ത്രിയുടെയെങ്കിലും സാന്നിധ്യം അനിവാര്യമാണ്. എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് പ്രധാനമന്ത്രി രാജി സമർപ്പിച്ച ശേഷം സർക്കാർ പ്രതിനിധികൾ ദേശീയ അസംബ്ലിയിൽ പങ്കെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.