ഖത്തർ ഇകണോമിക് ഫോറത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്
കുവൈത്ത് സിറ്റി: ഖത്തറിൽ ആദ്യമായി ബി.എൻ.പി.എൽ ലൈസൻസ് ലഭിച്ച ഫിൻടെക് സ്ഥാപനമായ പേലേറ്റർ ഖത്തറിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ നിക്ഷേപവിഭാഗമായ ലുലു എ.ഐ നിക്ഷേപം നടത്തി. ടെക്നോളജി- ഇന്നവേഷൻ തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് ഇൻവെസ്റ്റ് ചെയ്യുകയാണ് ലുലു ആൾട്ടർനേറ്റിവ് ഇൻവെസ്റ്റ്മെന്റ് (എ.ഐ) കൊണ്ട് ലക്ഷ്യമാക്കുന്നത്.
ഖത്തറിലെ സാമ്പത്തിക മേഖലയിലേക്ക് ലുലു എ.ഐ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. പത്തു രാജ്യങ്ങളിലായി 15 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് നൽകി അവയെ ഉയർത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാൻ ശ്രമിക്കുന്ന ദൗത്യത്തിലേക്ക് പേലേറ്ററിനൊപ്പം ചുവടുവെക്കുകയാണ് ഈ നിക്ഷേപം.
ഖത്തർ സെൻട്രൽ ബാങ്കിൽനിന്നും ബി.എൻ.പി.എൽ ലൈസൻസ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേലേറ്റർ. ലുലു എ.ഐ വെറും നിക്ഷേപ പോർട്ട്ഫോളിയോ മാത്രമല്ല, സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയാണ്. തങ്ങളുടെ ഓരോ നിക്ഷേപവും അർഥവത്തായ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ഒരു ശ്രമമാണ്. പേലേറ്റർ ഈ ദൗത്യത്തിന്റെ ഉദാഹരണമാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.ലുലു എ.ഐയുമായുള്ള പുതിയ പങ്കാളിത്തം പേലേറ്ററിന് പ്രധാന ബിസിനസ് നാഴികക്കല്ലാണെന്ന് പേലേറ്ററിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അൽ ദെലൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.