സെക്കൻഡ് റിങ് റോഡിൽ നട്ട ചെടികൾ
കുവൈത്ത് സിറ്റി: സെക്കൻഡ് റിങ് റോഡിലെ ഹരിത വികസന സംരംഭത്തെ അഭിനന്ദിച്ച് അഹ്മദി ഗവർണറും ഗ്രീൻ അർബൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ്സ് കമ്മിറ്റി ചെയർമാനുമായ ശൈഖ് ഹുമൂദ് ജാബിർ അൽ അഹ്മദ് അസ്സബാഹ്.റിങ് റോഡിൽ നടപ്പാക്കിയ പദ്ധതി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ ഇടങ്ങളിൽ സമാനമായ സംരംഭങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിന് മന്ത്രിമാരുടെ കൗൺസിലിനും മറ്റുള്ളവർക്കും അദ്ദേഹം നന്ദി അറിയിച്ചു. എൻജിനീയർ ഹൈഫ അൽ മുഹന്നയാണ് ചെടികളും മരങ്ങളും കൊണ്ട് ഈ മേഖല മനോഹരവും പച്ചപ്പ് നിറച്ചത്.
പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചെടികളാണ് നട്ടുപിടിപ്പിച്ചത്. ഇതിൽ ഈന്തപ്പനകൾ, സെസ്ക്വിറ്റെറ, പനേഷ്യ, റെഡ് ഒലിയാൻഡർ എന്നിവ ഉൾപ്പെടുന്നു. ഇവ പ്രദേശത്തിന് സൗന്ദര്യാത്മക രൂപം നൽകുന്നു. ഈന്തപ്പനകൾ തുല്യ ഉയരത്തിൽ ഇറക്കുമതി ചെയ്തതാണ് നട്ടുപിടിപ്പിച്ചത്. കുവൈത്തിന്റെ കാലാവസ്ഥയെ നേരിടാൻ കഴിയുന്ന സസ്യങ്ങളും കുറ്റിച്ചെടികളുമാണ് തെരഞ്ഞെടുത്തത്. വളർച്ച ഉറപ്പാക്കാൻ മണ്ണ് മെച്ചപ്പെടുത്തലുകളും നടത്തി. ജലസേചന ശൃംഖലയും വിപുലീകരിച്ചു. രണ്ട് റൗണ്ട്എബൗട്ടുകൾ സൗന്ദര്യവത്കരിച്ചു. ഫെബ്രുവരിയിൽ പദ്ധതി ആരംഭിച്ച് മൂന്ന് മാസം കൊണ്ടാണ് പൂർത്തികരിച്ചത്.
പരിസ്ഥിതി സുസ്ഥിരത എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗുണപരമായ ഒരു ചുവടുവപ്പായാണ് ഇതിനെ കണക്കാക്കുന്നത്. ഹരിത ഇടങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വായുവിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും മലിനീകരണം കുറക്കുകയും ചെയ്യും. ഇത്തരം സംരംഭങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസിലെ ലാൻഡ്സ്കേപ്പ് അഗ്രികൾച്ചർ ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫലാഹ് അൽ എനെസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.