ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ് തുറക്കാൻ സാധിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തു? വിഷയത്തിൽ കേരള മുഖ്യമന്ത്രിക്ക് പരാതി അയച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ ബന്ധപ്പെടാൻ മറുപടി കിട്ടി. കേരള ചീഫ് ഇലക്ട്റൽ ഓഫിസറുടെ ഓഫിസിൽ നിന്ന് കിട്ടിയ മറുപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അധികാര പരിധിയിലുള്ള വിഷയമാണ് എന്നാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി അയച്ചു. താങ്കൾ പ്രവാസി വോട്ടർ ആയതിനാൽ ഇപ്പോൾ താങ്കൾക്ക് വോട്ടർ പട്ടിക പരിശോധിക്കാൻ സാധിക്കില്ല, ഇലക്ട്റൽ രജിസ്ട്രേഷൻ ഓഫിസറെ ബന്ധപ്പെടുക എന്നായിരുന്നു അവിടെനിന്ന് ലഭിച്ച മറുപടി.
നാട്ടിലെ ഓരോ സാമൂഹിക, രാഷ്ട്രീയ സ്പന്ദനങ്ങളും സാകൂതം വീക്ഷിക്കുന്നവരാണ് പ്രവാസികൾ. തൊഴിലെടുക്കുന്ന രാജ്യത്തു വെച്ച് തന്നെ സമ്മതിദാനാവകാശം നിർവഹിക്കാൻ സാധിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. അതിനൊപ്പം, തങ്ങളുടെ പേരുവിവരങ്ങൾ ഓൺലൈൻ വഴി പരിശോധിക്കാനോ പട്ടികയിൽ പേര് ചേർക്കാനോ കഴിയുന്നില്ല എന്നത് കടുത്ത പൗരാവകാശ ലംഘനമാണ്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർ പട്ടിക പരിശോധിച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വിവരങ്ങൾ ഉറപ്പു വരുത്തി വോട്ടു ശേഖരിക്കുന്നവരാണ് പ്രവാസി സംഘടനകൾ. കഴിഞ്ഞ ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് വെബ്സൈറ്റ് ഓപൺ ചെയ്യാൻ കഴിഞ്ഞിരുന്നതുമാണ്. രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ തെരഞ്ഞെടുപ്പിൽ പ്രവാസി പങ്കാളിത്തം പരമാവധി കുറക്കുന്നതിനാണോ കമീഷൻ ഇത്തവണ ഇങ്ങനെ ചെയ്തത്? പൗരന്മാർക്ക് അവകാശങ്ങൾ കൂടുതൽ ഉറപ്പു വരുത്തേണ്ട ഭരണ കേന്ദ്രങ്ങൾ പൗരന്മാരുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നത് എന്തിനാണ്? ആർക്കു വേണ്ടിയാണ് സൈറ്റിന് പൂട്ടിട്ടത് ? തൽസ്ഥിതി തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്തും ഔദ്യോഗിക വിവരങ്ങൾക്കും വിശദമായ വിശകലനങ്ങൾക്കും ആശ്രയിക്കുന്ന വെബ്സൈറ്റ് പ്രവാസികൾക്ക് ലഭ്യമാകില്ല എന്ന് ചുരുക്കം. ഈ അവകാശ ലംഘനത്തിനെതിരെ പ്രവാസി സമൂഹത്തിന്റെയും സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയർന്നു വരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.