ഇന്ത്യ നിലനില്ക്കണമോ എന്ന ചോദ്യമുയര്‍ത്തുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്ക്കുക എന്നത് രാജ്യഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബി.ജെ.പി ഭരണത്തില്‍ തകര്‍ന്നിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ ഫാഷിസ്റ്റുവത്കരിക്കപ്പെടുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഗണിക്കാതെ വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ രാജ്യത്താകമാനം പ്രചരിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനും ആട്ടിപ്പുറത്താക്കാനും ശ്രമിക്കുന്നു. മതേതര ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ ജനാധിപത്യ ബദല്‍ അനിവാര്യമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘ്പരിവാര്‍ ഫാഷിസ്റ്റ് വിരുദ്ധത നിലപാടായി സ്വീകരിച്ചിട്ടുള്ള താരതമ്യേന ശക്തമായ രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ ഏറെ കാലങ്ങളായി ഇടതു മതേതര ചേരിയെ ശക്തിപ്പെടുത്തുക എന്ന നിലപാടാണ് പി.ഡി.പി സ്വീകരിച്ചുവരുന്നത്. മുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും ഇടതുഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം തീരുമാനങ്ങള്‍ക്കെതിരെ ജനാധിപത്യ വിയോജിപ്പ് രേഖപ്പെടുത്തുന്നത് തുടരുകയും ചെയ്യും. ഒരുഭാഗത്ത് തീവ്ര ബി.ജെ.പിപക്ഷവും മറുഭാഗത്ത് ‘ഇൻഡ്യ’ മുന്നണിയും നേർക്കുനേർ പോരാടുമ്പോൾ ആരെ പിന്തുണക്കണമെന്ന ചോദ്യം അപ്രസക്തമാണ്.
കേരളത്തിൽ രണ്ടു പ്രധാന മുന്നണികളാണ് ഇവിടെ നേർക്കുനേരെ മത്സരിക്കുന്നത്. അതിൽ ഇടതു പാർട്ടികളെ പിന്തുണക്കാനാണ് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ തീരുമാനം. അത് എന്ത്കൊണ്ടെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ; രാജ്യത്തിന്റെ അസ്ഥിത്വവും പ്രത്യയശാസ്ത്ര മതേതര നിലപാടുകൾ തിരിച്ചറിയുന്ന, ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരവും അംഗീകാരവും നൽകുന്ന രാഷ്ട്രീയ സംവിധാനമാണ് ഇടതുമുന്നണി. ഇതാണ് ഈ തെരഞ്ഞെടുപ്പിലും മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലും അവരോടൊപ്പം ചേര്‍ന്ന് നില്ക്കാന് ഞങ്ങൾക്ക് പ്രചോദനമായിട്ടുള്ളത്. മുസ്ലിം വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ രാജ്യത്തിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്ന പല ചർച്ചകളും ലോക്സഭയിലും രാജ്യസഭയിലും നടക്കുമ്പോൾ മിണ്ടാതിരുന്ന ബില്ല് അവതരിപ്പിക്കുന്ന ഘട്ടത്തിൽ സഭകളിൽ ഹാജരാവാതെ മുങ്ങിനടന്ന കോൺഗ്രസ്-മുസ്ലിം ലീഗ് പക്ഷത്തിനുള്ള താക്കീതുമാകണം ഈ തെരഞ്ഞെടുപ്പ് എന്നതും ഇടതിനുള്ള പിന്തുണക്ക് ആക്കം കൂട്ടി. മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യ മുന്നണി ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ബദലിന് ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ സംഘ്പരിവാരത്തോടും ബി.ജെ.പി.യോടും രാഷ്ട്രീയസന്ധി ചെയ്യാത്ത ഇടതുമുന്നണി രാജ്യത്തെ പ്രധാന കക്ഷിയായി നിലനില്‍ക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.