‘അൽ ദാസ്മ’ കപ്പൽ
കുവൈത്ത് സിറ്റി: കപ്പൽ തകർന്നതിനെ തുടർന്ന് മെഡിറ്ററേനിയൻ കടലിൽ കുടുങ്ങിയവർക്ക് രക്ഷകരായി കുവൈത്ത് കപ്പൽ. ഭക്ഷണവും വെള്ളവുമില്ലാതെ കഷ്ടപ്പെട്ട 40 പേർക്കാണ് കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (കെ.ഒ.ടി.സി) ഉടമസ്ഥതയിലുള്ള കപ്പൽ ‘അൽ ദാസ്മ’ സഹായമായത്. കടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി ഭക്ഷണവും അഭയവും നൽകിയ കെ.ഒ.ടി.സി അവരെ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു. അങ്ങനെ നടുക്കടലിൽനിന്ന് അവർ ജീവിതത്തിലേക്ക് നീന്തിക്കയറി. ചൊവ്വാഴ്ച ഈജിപ്തിലെ പോർട്ട് സെയ്ദിലേക്കുള്ള യാത്രക്കിടെയാണ് ‘അൽ ദാസ്മ’ ജീവനക്കാർ തകർന്ന കപ്പലും കടലിൽ കുടുങ്ങിയവരെയും കണ്ടെത്തിയത്.
തുടർന്ന് ഈജിപ്ഷ്യൻ സെർച്ച് ആൻഡ് റെസ്ക്യൂ അതോറിറ്റിയുമായും കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി ഓപറേഷൻസ് ഓഫിസ് എന്നിവയെ വിവരം അറിയിച്ചു.
ശേഷം കുടുങ്ങിയ വ്യക്തികൾക്ക് വെള്ളം, ഭക്ഷണം, താൽക്കാലിക താമസം എന്നിവ ഒരുക്കി. രക്ഷപ്പെടുത്തിയ അഭയാർഥികളെ അന്താരാഷ്ട്ര സമുദ്ര, മാനുഷിക നിയമങ്ങൾക്കനുസൃതമായി നടപടിക്രമങ്ങൾ പാലിച്ചു വ്യാഴാഴ്ച ഈജിപ്ഷ്യൻ അധികാരികൾക്ക് കൈമാറി.
അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നു
കടലിലെ നല്ല മാതൃകകൾ
കെ.ഒ.ടി.സി നേരത്തെയും കടലിൽ സമാന രക്ഷാപ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2014ൽ സമാനമായ ഒരു സംഭവത്തിൽ, ക്രൂഡ് ഓയിൽ ടാങ്കർ ‘അൽ സാൽമി’ ഇറ്റലി തീരത്തുനിന്ന് ഒരു കൂട്ടം അഭയാർഥികളെ രക്ഷപ്പെടുത്തിയിരുന്നു. ഈ ഓപറേഷന് അന്താരാഷ്ട്ര പ്രശംസ ലഭിക്കുകയും ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) അംഗീകാരം ലഭിക്കുകയും ചെയ്തു.
കടലിലെ സുരക്ഷയും സമുദ്ര പരിസ്ഥിതി സംരക്ഷണവും തുടരും. മാനുഷിക ശ്രമങ്ങൾ തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങളിലെ ധാർമിക മൂല്യങ്ങളുടെ ഭാഗമാണെന്നും കമ്പനി വ്യക്തമാക്കി. കടലിൽ ജീവൻ രക്ഷിക്കുക എന്നത് നിയമപരമായ ബാധ്യത മാത്രമല്ല, ധാർമിക കടമ കൂടിയാണെന്നും കമ്പനി വിശദീകരിച്ചു. കുവൈത്തിന്റെ ആഴത്തിൽ വേരൂന്നിയ മാനുഷിക മൂല്യങ്ങളുടെ പ്രതിഫലനമാണ് ഇത്തരം പ്രവർത്തികളെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.