കുവൈത്ത് സിറ്റി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ കരാർ സ്വാഗതം ചെയ്തു കുവൈത്ത്. കരാർ മേഖലയിലെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. വെടിനിർത്തൽ എന്ന സുപ്രധാന കരാറിലെത്തുന്നതിനും ഇരുപക്ഷത്തെയും മധ്യസ്ഥത വഹിക്കുന്നതിലും, ഒരുമിച്ച് കൊണ്ടുവരുന്നതിലും അമേരിക്കയും മറ്റ് എല്ലാ രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെയും കുവൈത്ത് അഭിനന്ദിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ സംഭാഷണത്തിലും നയതന്ത്ര പരിഹാരങ്ങളിലുമുള്ള രാജ്യത്തിന്റെ ഉറച്ച നിലപാടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനുപിറകെ കുവൈത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും നയതന്ത്ര വഴികൾ തേടണമെന്നും സ്ഥിതിഗതികൾ അവസാനിപ്പിക്കാൻ സമാധാനപരമായ മാർഗങ്ങൾ തേടണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുകയുമുണ്ടായി. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സുസ്ഥിരവും സമഗ്രവുമായ ഒരു പരിഹാരത്തിലെത്താനും കുവൈത്ത് ഇരു രാജ്യങ്ങളെയും ഉണർത്തിയിരുന്നു.
ദിവസങ്ങൾ നീണ്ട സംഘർഷത്തിനുശേഷം ശനിയാഴ്ച വൈകീട്ടാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ കരാറിലെത്തിയതായി വ്യക്തമാക്കിയത്. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. കരാറിന്റെ ഭാഗമായി ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.