കുവൈത്ത് സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സർക്കാറും കോംഗോ റിവർ അലയൻസ് സംഘടനയും ദോഹയിൽ ഒപ്പുവെച്ച സമാധാന കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. വിഷയത്തിൽഖത്തർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. സമഗ്രമായ സമാധാന കരാറിലെത്തുന്നതിനുള്ള ക്രിയാത്മക ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനുള്ള പൊതു ചട്ടക്കൂടിനൊപ്പം, ഇരുപക്ഷത്തിന്റെയും പരസ്പര ഉത്തരവാദിത്തവും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോംഗോയിൽ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ വർധിപ്പിക്കുന്നതിന് ഈ പ്രഖ്യാപനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംഭാഷണങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും പിന്തുണ നൽകുന്ന കുവൈത്തിന്റെ നിലപാടും സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ മാസങ്ങളിൽ ഖത്തർ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണ് ഈ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന അന്തിമവും സമഗ്രവുമായ ഒരു കരാറിലെത്തുന്നതിനുള്ള ചർച്ചകൾ തുടരുമെന്നും ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.