കുവൈത്ത് സിറ്റി: തണുപ്പിന് തീവ്രതകൂട്ടി ചൊവ്വാഴ്ച രാജ്യത്താകമാനം മഴയെത്തി. ചൊവ്വാഴ്ച രാവിലെമുതൽ മൂടിക്കെട്ടിയ നിലയിലായിരുന്നു അന്തരീക്ഷം. ഉച്ചയോടെ മിക്കയിടത്തും നേരിയ മഴയെത്തി. ഇത് തണുപ്പിന്റെ തീവ്രത കൂട്ടി. വൈകുന്നേരത്തോടെ ശക്തി കൂടിയ തണുപ്പ് രാത്രിയിൽ തീവ്രമായി.
രാജ്യത്ത് ശനിയാഴ്ച വരെ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകും.
മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നും കടൽ തിരമാലകൾ ആറു അടിക്ക് മുകളിൽ ഉയരാൻ കാരണമാകുമെന്നും വകുപ്പ് ആക്ടിങ് ഡയറക്ടർ ദിരാർ അൽ അലി വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വകുപ്പിന്റെ വെബ്സൈറ്റിലൂടെയും ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനിലൂടെയും കാലാവസ്ഥ വിവരങ്ങൾ പിന്തുടരാൻ അദ്ദേഹം പൗരന്മാരെയും താമസക്കാരെയും ഉപദേശിച്ചു.
അതേസമയം, ദിവസങ്ങളായി രാജ്യത്ത് തണുത്ത കാലാവസ്ഥ തുടരുകയാണ്. പകൽ സമയത്ത് അൽപം കുറവുണ്ടെങ്കിലും രാത്രി ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. തണുപ്പ് എതാനും ദിവസങ്ങൾ തുടരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.