ബോർഡിംഗ് നടപടികൾ മിഷ്‌രിഫ് ഫെയർഗ്രൗണ്ടിൽ; ഖൈസുമയിൽനിന്ന് സർവിസുകൾ വിപുലീകരിച്ച് ജസീറ എയർവേസ്

കുവൈത്ത് സിറ്റി: കുവൈത്തിലെ യാത്രാ നടപടിക്രമങ്ങൾ (ലഗേജ് ചെക്ക്-ഇൻ, ബോർഡിംഗ്) ജസീറ (പാർക്ക് ആൻഡ് ഫ്ലൈ) കെട്ടിടത്തിൽ നിന്ന് മിഷ്‌രിഫിലെ ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ എട്ടാം നമ്പർ ഹാളിലേക്ക് മാറ്റിയതായി ജസീറ എയർവേസ് അറിയിച്ചു.

എല്ലാ യാത്രക്കാരും യാത്രക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് യാത്രക്ക് 17 മണിക്കൂർ മുമ്പെങ്കിലും ചെക്ക്-ഇൻ സ്ഥലത്ത് എത്തണമെന്നും അഭ്യർത്ഥിച്ചു.

ട്രാവൽ ഏജന്റുമാർ വഴിയോ ബാഹ്യ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ബുക്കിംഗ് നടത്തിയ യാത്രക്കാർ അന്വേഷണങ്ങൾ, ടിക്കറ്റ് മാറ്റങ്ങൾ, റദ്ദാക്കലുകൾ എന്നിവക്കായി അവരുടെ ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെടണം. സൗദി അറേബ്യയിലെ ഖൈസുമ വിമാനത്താവളം വഴിയുള്ള സർവീസുകൾ നല്ല രീതിയിൽ തുടരുന്നതായും കമ്പനി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും യാത്രക്കാരെ ബസിൽ കൊണ്ടുപോകും.

നിലവിൽ ഖൈസുമ വിമാനത്താവളത്തിൽ നിന്ന് അൽ ഐൻ, അമ്മാൻ, കൊളംബോ, ഇസ്താംബുൾ, അലക്സാണ്ട്രിയ, അസിയട്ട്, കെയ്‌റോ, ലക്‌സർ എന്നിവിടങ്ങളിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. കൂടുതൽ പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കാനും ആവശ്യാനുസരണം വിമാനങ്ങളുടെ എണ്ണം ക്രമേണ വർധിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്നും അറിയിച്ചു.

കൊച്ചിയിലേക്കും സർവിസ്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഖൈസുമ വിമാനത്താവളം വഴി കൊച്ചിയിലേക്കും ജസീറ എയർവേയ്‌സ് സർവിസ് നടത്തുന്നു. വെള്ളിയാഴ്ച കൊച്ചിയിലേക്ക് ആദ്യ സർവിസ് നടത്തുമെന്ന് ട്രാവൽ രംഗത്തുള്ളവർ അറിയിച്ചു. രാവിലെ 10:15ന് ഖൈസുമ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് കൊച്ചിയിൽ എത്തും. കുവൈത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് സൗകര്യം, സൗദി എൻട്രി വിസ എന്നീ സൗകര്യങ്ങളും ഒരുക്കും. ടിക്കറ്റ് നേരിട്ട് ജസീറ എയർവേയ്‌സ് വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാം.

20, 21 മാർച്ച് തീയതികളിൽ കൊച്ചിയിൽ നിന്ന് തിരിച്ചും സർവിസ് നടത്തും. നാട്ടിൽ അകപ്പെട്ടവർക്ക് ഇതു ഉപയോഗപ്പെടുത്താം. അതേസമയം, സൗദി ട്രാൻസിറ്റ് നടപടികൾ, വിമാനത്താവളത്തിൽ നിന്നുള്ള ബസ് യാത്ര, വിമാന ടിക്കറ്റ് എന്നിവയടക്കം വലിയ തുക യാത്രക്കായി ചെലവാകും.

Tags:    
News Summary - Boarding procedures at Mishrif Fairground; Jazeera Airways expands services from Qaisumah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.