????????? ????????????? ??????? ?????????? ?????? ??????

സന്ദര്‍ശകവിസ ലഭിക്കാനുള്ള മിനിമം വേതനം ഉയര്‍ത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശകവിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം ഉയര്‍ത്തി. ഇനി ഭാര്യ, മക്കള്‍ എന്നിവരെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരണമെങ്കില്‍ കുറഞ്ഞത് 200 ദീനാര്‍ ശമ്പളം വേണം. ഇതുവരെ 150 ദീനാര്‍ ആയിരുന്നു. സഹോദരങ്ങളെയോ ബന്ധുക്കളെയോ കൊണ്ടുവരാനുള്ള കുറഞ്ഞ ശമ്പള പരിധി 300 ദീനാറാണ്.
 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് സന്ദര്‍ശകവിസ അനുവദിക്കുന്നതിലും നിയന്ത്രണമുണ്ടാവുമെന്ന് താമസകാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി തലാല്‍ മഅ്റഫി പറഞ്ഞു. 50 വയസ്സിന് മുകളിലുള്ള രക്ഷിതാക്കളെ സന്ദര്‍ശകവിസയില്‍ കൊണ്ടുവരുന്നതിനും വിസക്കുള്ള അപേക്ഷ പഠിച്ചതിന് ശേഷം ആവശ്യമെങ്കില്‍ ഇളവനുവദിക്കും. വിദേശികള്‍ക്ക് കുടുംബവിസ ലഭിക്കണമെങ്കില്‍ അടിസ്ഥാന ശമ്പളം ചുരുങ്ങിയത് 450 ദീനാര്‍ ഉണ്ടായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. നിലവില്‍ രാജ്യത്ത് കുടുംബവിസയില്‍ കഴിയുന്നവരെയും ഇവിടെ ജനിച്ച മക്കളെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കാന്‍ റസിഡന്‍ഷ്യല്‍ വകുപ്പ് മേധാവിക്ക് അധികാരമുണ്ടാകും. 
അതേസമയം, ഭാര്യയെയും മക്കളെയും കൊണ്ടുവരുന്ന കാര്യത്തില്‍ മാനുഷിക പരിഗണനവെച്ച് ചില കേസുകളില്‍ ഇളവുണ്ടാവുമെന്ന് തലാല്‍ മഅ്റഫി പറഞ്ഞു. കുടുംബവിസ അനുവദിക്കുന്നതില്‍ സ്പോണ്‍സര്‍ പിതാവാണെങ്കില്‍ അദ്ദേഹത്തിന്‍െറ ശമ്പളം മാത്രമാണ് പരിഗണിക്കുക. മാതാവാണെങ്കില്‍ അവരുടേത് മാത്രം പരിഗണിക്കും. രണ്ടുപേരുടെയും ഒരുമിച്ച് ചേര്‍ത്ത് മിനിമം പരിധി കടന്നാല്‍ പോരാ. രാജ്യത്തെ വിദേശികളുടെ എണ്ണം 26 ലക്ഷം കടന്നതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തല്‍ അനിവാര്യമായതിനാലാണ് സന്ദര്‍ശക, കുടുംബവിസ അനുവദിക്കുന്നതിനുള്ള മിനിമം വേതനം ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന നിയമോപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്നീഷ്യന്മാര്‍, ആരോഗ്യമന്ത്രാലയത്തിലെ നഴ്സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്നീഷ്യന്മാര്‍ എന്നിവര്‍ക്ക് ശമ്പള പരിധി ബാധകമാവില്ല. യൂനിവേഴ്സിറ്റി ബിരുധദാരികളായ ധനകാര്യ- സാമ്പത്തിക വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍, ജുമുഅ പ്രഭാഷകര്‍, ഖുര്‍ആന്‍ മനഃപാഠമുള്ളര്‍ എന്നിവര്‍ക്കും മിനിമം വേതനം ബാധകമാവില്ല. ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രഫസര്‍മാര്‍ എന്നിവര്‍ക്കും കുടുംബവിസയുടെ കാര്യത്തില്‍ ഇളവുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, സ്പോര്‍ട്സ് യൂനിയനുകള്‍ക്കും ക്ളബുകള്‍ക്കും കീഴിലെ കളിക്കാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മൃതദേഹങ്ങളുടെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ എന്നിവര്‍ക്കും കുടുംബവിസ ലഭിക്കുന്നതിന് 450 ദീനാര്‍ ശമ്പളം വേണമെന്ന നിബന്ധന ബാധകമാവില്ല. 
സര്‍ക്കാര്‍ ഓഫിസുകളിലെയും യൂനിവേഴ്സിറ്റികളിലെയും സെക്രട്ടറിമാര്‍ എന്നിവരും ഈ നിബന്ധനയുടെ പരിധിയില്‍ വരില്ല.
Tags:    
News Summary - kuwait visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.