കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി ട്രാഫിക് വകുപ്പ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ രാജ്യത്ത് ഏകദേശം 360 ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി.ഗതാഗതനിയമ ലംഘനങ്ങളുടെ തോത് കുറക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പോയന്റ് സമ്പ്രദായ പ്രകാരമാണ് ലൈസന്‍സുകള്‍ റദ്ദാക്കിയത്.
ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്ത് 860 ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നേരത്തേ അറിയിച്ചു. ഇതോടെ ഈ വർഷം ഇതുവരെ ലൈസൻസ് റദ്ദാക്കിയതിന്റെ എണ്ണം 1220 ആയി.ഗതാഗത നിയമലംഘനങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പോയന്റ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഇതുപ്രകാരം നിയമലംഘനങ്ങളുടെ തോതനുസരിച്ച് ആറു മുതൽ 14 വരെ പോയന്റുകൾ രേഖപ്പെടുത്തും.
ഒരുവര്‍ഷത്തിനിടെ 14ല്‍ കൂടുതല്‍ ബ്ലാക്ക് പോയന്റുകള്‍ ലൈസന്‍സില്‍ രേഖപ്പെടുത്തിയാല്‍ ആദ്യതവണ ഒരു മാസത്തേക്ക് ലൈസന്‍സ് പിന്‍വലിക്കും. രണ്ടാം തവണ 12 പോയന്റുകൾ വീണാല്‍ ആറുമാസവും മൂന്നാം തവണ 10 പോയന്റുകൾ എത്തിയാൽ ഒമ്പതുമാസവും നാലാമത്തെ തവണ എട്ട് പോയന്റ് രേഖപ്പെടുത്തിയാല്‍ ഒരു വർഷവും അഞ്ചാംതവണ ആറ് പോയന്റുകൾ ലഭിച്ചാൽ ഡ്രൈവിങ് സ്ഥിരമായും ലൈസന്‍സ് റദ്ദാക്കും.
റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറക്കുന്നതിന്റെയും ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചിരുന്നു. 4,237,454 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആണ്. 2020ൽ 352 പേർ അപകടത്തിൽ മരിച്ചിരുന്നു.
2019ൽ 365, 2018ൽ 401, 2017ൽ 424, 2016ൽ 429 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. റോഡ് സുരക്ഷ കർശനമാക്കി അപകടങ്ങളും മരണങ്ങളും കുറക്കുകയാണ് അധികൃതരുടെ ലക്ഷ്യം.അതിനിടെ, ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളാണ് ട്രാഫിക് അധികൃതര്‍ സ്വീകരിച്ചുവരുന്നത്.
പ്രവാസികള്‍ക്ക് ഇഷ്യൂ ചെയ്ത എല്ലാ ലൈസന്‍സുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ചുരുങ്ങിയത് 600 ദീനാര്‍ ശമ്പളം, ബിരുദം, രണ്ടുവര്‍ഷം താമസം എന്നിവയാണ് ഉപാധികള്‍. ജോലി മാറ്റമോ മറ്റു കാരണങ്ങളോകൊണ്ട് ഈ പരിധിക്ക് പുറത്താകുന്നവര്‍ ലൈസന്‍സ് തിരിച്ചേൽപിക്കേണ്ടതുണ്ട്.പ്രവാസികൾക്ക് അനുവദിക്കുന്ന ലൈസൻസ് കാലാവധി ഒരുവർഷമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.