കുവൈത്ത് സിറ്റി: അറബ് മേഖലയിലെ സാംസ്കാരിക പ്രസ്ഥാനങ്ങൾക്ക് കുവൈത്ത് തിയറ്റർ ഫെസ്റ്റിവൽ സുപ്രധാന സംഭവമാണെന്ന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ഈ ഉത്സവം സൃഷ്ടിപരമായ നേട്ടങ്ങൾക്കുള്ള ആദരവാണ്.
നാടക വികസനത്തിന് ഇത് വലിയ സംഭാവന നൽകുന്നു. നാടകത്തിന്റെ ഇടപെടലുകൾ ഉയർത്തിക്കാട്ടുന്നതിനുള്ള വേദിയായി പ്രവർത്തിക്കുകയും ചെയ്യുന്നു -സംസ്ഥാന യുവജന മന്ത്രിയും നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ചെയർമാനും കൂടിയായ മന്ത്രി കൂട്ടിച്ചേർത്തു. തിയറ്റർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുവൈത്ത് നാടക പ്രസ്ഥാനം വർഷങ്ങളിലൂടെ നേടിയെടുത്ത പ്രശസ്തിയെ അദ്ദേഹം പ്രശംസിച്ചു. കലകളിലൂടെ എപ്പോഴും സാംസ്കാരിക നയതന്ത്രം രൂപപ്പെടുന്നതായും അദ്ദേഹം സൂചിപ്പിച്ചു. കലാരൂപത്തിന് നൽകിയ സംഭാവനകളെ മാനിച്ച് പ്രശസ്ത നടന്മാരായ ഇബ്രാഹിം അൽ ഹർബി, സമീർ അൽ കല്ലാഫ് എന്നിവരുൾപ്പെടെ നിരവധി പേർക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഗൾഫ് നാടിന്റെ നാടകചരിത്രം വിവരിക്കുന്ന നാടകാവതരണവും നടന്നു.
ഒക്ടോബർ 29ന് സമാപിക്കുന്ന ഈ വർഷത്തെ പരിപാടിയിൽ നിരവധി പ്രദർശനവും സംവാദങ്ങളും നടക്കും. എയ്റ്റ് കമ്പനിയുടെ 'ഹൈബ്രിഡ്', യൂത്ത് തിയറ്റർ ഗ്രൂപ്പിന്റെ 'ലെറ്റ്സ് ഡ്രിങ്ക് കോഫി', അറബ് ഗൾഫ് തിയറ്റർ ട്രൂപ്പിന്റെ 'താഹിറ' എന്നിവ ഇതിൽ പ്രധാനമാണ്. നാടക ഗവേഷണത്തിൽ ബൗദ്ധിക സംവാദത്തിന്റെ സ്വാധീനം, തെരുവ് നാടകം, അമൂർത്ത കല എന്നിവയെക്കുറിച്ചുള്ള രണ്ടു ശിൽപശാലകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.