കുവൈത്ത് സിറ്റി: അൽ അഖ്സ പള്ളിയിലേക്കുള്ള ഇസ്രായേൽ കടന്നുകയറ്റത്തിൽ ശക്തമായി അപലപിച്ചു കുവൈത്ത്. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ചയാണ് നെസെറ്റ് അംഗങ്ങൾ ഉൾപ്പെടെ 900 ലധികം ഇസ്രായേലി കുടിയേറ്റക്കാർ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയത്. ജറുസലമിലെ ചരിത്രപരവും നിയമപരവുമായ ചട്ടങ്ങളുടെ ലംഘനമാണിത്. അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ ആഥിപത്യം അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ ശ്രമങ്ങളെ കുവൈത്ത് പൂർണമായും നിരാകരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.ഇസ്രായേൽ നടപടി സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയും അധിനിവേശ പ്രദേശങ്ങളിലെ അക്രമത്തിന് ഇന്ധനം നൽകുന്നതുമാണ്. സമാധാനത്തിനുള്ള സാധ്യതകളെ ഇത്തരം നടപടികൾ ദുർബലപ്പെടുത്തുന്നു.
ഇസ്രായേൽ നിയമ ലംഘനങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. 1967 ലെ കിഴക്കൻ ജറൂസലം തലസ്ഥാനമായ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങൾ നേടിയെടുക്കുന്നതിലും കുവൈത്തിന്റെ അചഞ്ചലമായ പിന്തുണയും വ്യക്തമാക്കി.ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഏറ്റവും പുണ്യസ്ഥലമായി കരുതപ്പെടുന്ന മൂന്ന് സ്ഥലങ്ങളിൽ ഒന്നാണ് അൽ അഖ്സ പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.