കുവൈത്ത് സിറ്റി: ജോർഡനുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം ജോർഡന്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്നും, മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജോർഡന് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത്, തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും സുരക്ഷയും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പിന്തുണ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. എന്നാൽ ജോർഡൻ വ്യോമാതിർത്തിയിൽ വെച്ച് തന്നെ ഈ മിസൈലുകളെല്ലാം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി യു.എസ് വ്യക്തമാക്കി.
ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ജോർഡനുനേരെ ഇറാൻ ആക്രമണം. അതിനിടെ, യു.എ.ഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലെ യു.എസ് സൈനിക ലക്ഷ്യങ്ങൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ വ്യക്തമാക്കി.
ഇടവേളക്കുശേഷം യു.എസ്-ഇറാൻ സംഘർഷം വീണ്ടും ഉടലെടുത്തതോടെ ആക്രമണം വ്യാപിക്കുമോ എന്ന ഭീതിയിലാണ് മേഖലയിലെ രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.