‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ സർട്ടിഫിക്കറ്റുമായി പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുവൈത്തിനെ ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ ആയി വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ (ഡബ്ല്യു.സി.സി) നാമകരണം ചെയ്തതിൽ ആഘോഷം സംഘടിപ്പിച്ച് അൽ സദു സൊസൈറ്റി. വാർത്താവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ വ്യാഴാഴ്ച വരെ തുടരും. സദു നെയ്ത്തിനുള്ള അംഗീകാരമായാണ് പരമ്പരാഗത കരകൗശലവസ്തുക്കൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ മാനിച്ചു കുവൈത്തിന് ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ അംഗീകാരം ലഭിച്ചത്.
പ്രദർശനത്തിൽനിന്ന്
ചടങ്ങിൽ അൽ അസിമ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ അലി അസ്സബാഹ്, നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ജസ്സാർ, നിരവധി അംബാസഡർമാരും നയതന്ത്രജ്ഞരും, വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു. കുവൈത്തിന് ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ പദവി ലഭിച്ചതിൽ സദു സൊസൈറ്റി ചെയർമാൻ ശൈഖ ബീബി ദുഐജ് അസ്സബാഹ് അഭിമാനം പ്രകടിപ്പിച്ചു.
ഈ കരകൗശലവസ്തു കുവൈത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രകൃതിവിഭവങ്ങളെ കലാപരമായ മാസ്റ്റർപീസുകളാക്കി മാറ്റുന്നതിൽ കുവൈത്ത് സ്ത്രീകളുടെ കഴിവ് പ്രകടമാക്കുന്നുവെന്നും അവർ പറഞ്ഞു. സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിലും ഭാവി തലമുറകൾക്ക് അത് കൈമാറാനുമുള്ള രാജ്യത്തിന്റെ മികവ് ഈ അംഗീകാരം തെളിയിക്കുന്നതായി മുഹമ്മദ് അൽ ജസ്സാർ പറഞ്ഞു. ഈ പ്രഖ്യാപനത്തിൽ വളരെ സന്തുഷ്ടനാണെന്ന് ഡബ്ല്യു.സി.സി പ്രതിനിധി സംഘം പ്രതിനിധി സാദ് അൽ ഖദ്ദൂമി പറഞ്ഞു. സദു കരകൗശലത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സമൂഹത്തിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ‘ഷിഫ്റ്റ് കുവൈത്ത്’ എന്ന പേരിൽ പ്രത്യേക മത്സരവും ചടങ്ങിൽ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.