ഫ്യൂച്ചർ ഐ തിയറ്റർ പ്രവർത്തകർ നാടക പരിശീലനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഒരു സംഘം ഡൽഹിയിൽ നാടകം കളിക്കാനെത്തുന്നു. എല്ലാ പ്രവാസികളെയുംപോലെ ജോലിക്ക് പോകുന്ന അവർ തിരിച്ചെത്തിയാൽ രാവ് വൈകുംവരെ തീവ്ര പരിശീലനത്തിലാണ്.
ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷ് തിയറ്ററിലെ നാഷനൽ മൈക്രോ ഡ്രാമ മത്സരത്തിൽ പങ്കെടുക്കാനാണ് കുവൈത്തിലെ നാടക കൂട്ടായ്മ തീവ്രപരിശീലനം നടത്തുന്നത്. ഫെബ്രുവരി രണ്ടിനാണ് ന്യൂഡൽഹി എൽ.ടി.ജി ഓഡിറ്റോറിയത്തിൽ നാടകം അരങ്ങേറുക. വിവിധ ഭാഷകളിലായി പത്തു മിനിറ്റ് ദൈർഘ്യമുള്ള 30 മൈക്രോ നാടകങ്ങളാണ് മാറ്റുരക്കുന്നത്.
കുവൈത്തിൽ നിരവധി ശ്രദ്ധേയ നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഫ്യൂച്ചർ ഐ തിയറ്ററാണ് ഏറെ പുതുമകളോടെ പുതിയ നാടകവുമായി എത്തുന്നത്. കുവൈത്ത് പ്രവാസിയും പ്രമുഖ നാടകപ്രവർത്തകനുമായ കെ.കെ. ഷെമേജ് കുമാർ ‘അഖിലയും ധർമജനും സബർബൻ മെട്രോയും എന്ന നാടകം ഒരുക്കിയത് അഖിൽ പി. ധർമജന്റെ പുതിയ പുസ്തകത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടാണ്.
കേരള സംഗീത നാടക അക്കദമി 2014 ഗൾഫ് പ്രവാസികൾക്കായി നടത്തിയ അമച്വർ നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് ഷെമേജ് കുമാറിന്. ഗോവിന്ദ് ശാന്ത, റിയാസ് സലിം, പി.ജി. ജ്യോതിഷ്, രതീഷ് ഗോപി, രാജീവ് ദേവനന്ദനം, സന്തോഷ് കുട്ടത്ത് എന്നിവരാണ് അരങ്ങിലെത്തുന്നത്.
സഹസംവിധാനം: ഉണ്ണി കൈമൾ, രതീഷ് ഗോപി. കലാസംവിധാനം: രാജീവ് ദേവനന്ദനം. സന്തോഷ് കുട്ടത്ത്, രമ്യ രതീഷ്, മീര വിനോദ്, ജെന്നി ആൻ വർഗീസ് എന്നിവർ നിർമാണ സഹായികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.