കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ അരക്കോടിയിലേക്ക് അടുക്കുന്നു. 2024 ഡിസംബർ അവസാനത്തിലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 49,87,826 ആണ്. 2.12 ശതമാനമാണ് വാർത്ത ജനസംഖ്യ വളർച്ചനിരക്ക്. ഈ തോതിൽ വളരുമ്പോൾ അരക്കോടിയാവാൻ അധികം കാത്തിരിക്കേണ്ടി വരില്ല. ആകെ ജനസംഖ്യയിൽ 69 ശതമാനം വിദേശികളാണ്. ഇതിൽ ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, സിറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും. ഭൂവിസ്തൃതിയിൽ ലോകത്ത് 157ാം സ്ഥാനത്തുള്ള കുവൈത്ത് ജനസംഖ്യയിൽ 52ാമതാണ്.
ശരാശരി ചതുരശ്ര കിലോമീറ്ററിൽ 237 പേർ താമസിക്കുന്നു. ജനസാന്ദ്രതയിൽ രാജ്യം ലോകത്ത് 37ാം സ്ഥാനത്താണ്. ശരാശരി ഒമ്പത് മിനിറ്റിൽ ഒരാൾ ജനിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 57 മിനിറ്റിൽ ഒരാൾ മരിക്കുന്നുവെന്നും മരണനിരക്ക് കണക്കുകൂട്ടുമ്പോൾ മനസ്സിലാകുന്നു. ജനനം ശരാശരി ഒമ്പത് മിനിറ്റിൽ എന്ന തോതിലാണെങ്കിലും ജനസംഖ്യ വർധിക്കുന്നത് അഞ്ചുമിനിറ്റിൽ ഒന്ന് എന്ന തോതിലാണ്. പുതുതായി രാജ്യത്തെത്തുന്ന വിദേശികളുടെ കണക്ക് കൂടി ചേർക്കുമ്പോഴാണിത്.
രാജ്യത്തെ ആകെ തൊഴിലാളികൾ 35 ലക്ഷത്തിന് മുകളിലാണ്. ഇതിൽ അഞ്ചുലക്ഷം കുവൈത്തികളും 25 ലക്ഷത്തിലേറെ വിദേശികളുമാണ്. സർക്കാർ മേഖലയിലെ 78 ശതമാനം തൊഴിലാളികളും സ്വദേശികളാണ്. സ്വകാര്യ മേഖലയിൽ നാല് ശതമാനം മാത്രമാണ് സ്വദേശി ജനസംഖ്യ. തൊഴിലാളികളിൽ 7,80,930 പേർ ഗാർഹികത്തൊഴിലാളികളാണ്.
ശരാശരി ആയുസ്സ് രാജ്യത്ത് ഉയർന്ന നിരക്കിലാണ്. 78.2 വയസ്സാണ് കുവൈത്തിലെ ശരാശരി ആയുസ്സ്. ശിശുമരണ നിരക്കും പ്രസവത്തോടനുബന്ധിച്ച മരണവും രാജ്യം വളരെ കുറവാണ്. മികച്ച ജീവിതനിലവാരവും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുമാണ് ഇതിന് കാരണം. ലക്ഷത്തിൽ നാലുപേർ മാത്രമാണ് പ്രസവത്തോടനുബന്ധിച്ച് മരിക്കുന്നത്. വന്ധ്യത നിരക്കും താരതമ്യേന കുറവാണ്.
2.48 ശതമാനം മാത്രമാണ് കുവൈത്തിലെ വന്ധ്യത നിരക്ക്. ഇത് രണ്ട് ശതമാനത്തിൽ താഴേക്ക് കുറച്ചുകൊണ്ടുവരാനാണ് അധികൃതർ ശ്രമിക്കുന്നത്. അതേസമയം, യുവജന സംഖ്യ കുറഞ്ഞുവരുന്നത് ഭാവി സാമ്പത്തിക അഭിവൃദ്ധിക്ക് നേരിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.