കുവൈത്ത് സിറ്റി: ശുചിത്വത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും മുൻതൂക്കം നൽകി രോഗവിമുക്ത നഗരങ്ങൾ എന്ന ആശയവുമായി പ്ലാനിങ് കൗൺസിൽ.
ആരോഗ്യ, സാമൂഹികകാര്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് 'ആരോഗ്യകരമായ നഗരങ്ങൾ' എന്ന സംരംഭത്തിന് ധനസഹായം തേടുമെന്ന് സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ മഹ്ദി പറഞ്ഞു. രാജ്യത്തെ വിവിധ പ്രദേശങ്ങളെ ഉയർന്ന തലത്തിലുള്ള ശുചിത്വത്തോടെ രോഗവിമുക്ത നഗരങ്ങളാക്കി മാറ്റുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
1986ൽ ലോകാരോഗ്യ സംഘടനയാണ് 'ആരോഗ്യകരമായ നഗരങ്ങൾ' സംരംഭം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തൽ, ആരോഗ്യ, പരിസ്ഥിതി സേവനങ്ങളുടെ നിലവാരം ഉയർത്തൽ, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ ചെറുക്കുക, ആരോഗ്യകരമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യങ്ങൾ.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയാകും കുവൈത്തിലും പദ്ധതി പൂർത്തീകരിക്കുക. ഇതിന് സാമ്പത്തിക സ്രോതസ്സ് ലഭ്യമാവുകയാണ് ആദ്യ ഘടകമെന്നും പ്ലാനിങ് കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.