കുവൈത്ത് സിറ്റി: കുവൈത്തിൽ ഫിലിപ്പീനി ഗാർഹികത്തൊഴിലാളി വീണ്ടും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതിൽ ഫിലിപ്പീൻസ് ശക്തമായി പ്രതിഷേധിച്ചു. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന തൊഴിലാളിയാണ് കഴിഞ്ഞദിവസം മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ജോലിക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുമെന്ന 2018 മേയിലെ കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്ന് ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. കുവൈത്തിലെ ഫിലിപ്പീൻസ് എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. വീട്ടുജോലിക്കാർക്ക് കുവൈത്തിൽ പീഡനമേൽക്കുന്നതായ ആരോപണം ഒരു ഘട്ടത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്ന നിലയിലേക്ക് എത്തിയിരുന്നു. നേരേത്ത ജൊആന ഡാനിയേലയെന്ന തൊഴിലാളിയുടെ കൊലപാതകത്തെ തുടർന്ന് കുവൈത്തിലെ മുഴുവൻ ഫിലിപ്പീൻ തൊഴിലാളികളോടും മടങ്ങിവരാൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത്ത് ആവശ്യപ്പെട്ടതാണ്. മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് പിന്നീട് ഇൗ നീക്കം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.