കുവൈത്ത് സിറ്റി: മഴയിൽ കേടുപാടുകൾ പറ്റിയ റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നുമുമ്പ് പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണി ഡിസംബറിൽതന്നെ തീർക്കും. കഴിഞ്ഞ വർഷം മഴയിൽ റോഡുകൾ ആകെ തകർന്നത് ആവർത്തിക്കാതിരിക്കാൻ ഇത്തവണ മുൻകരുതലെടുത്തിട്ടുണ്ട്. മംഗഫിൽ വെള്ളം കെട്ടിനിൽക്കുന്നതിന് ഒരു ടണൽ നിർമിച്ചിട്ടുണ്ട്. സബാഹ് അൽ അഹ്മദ് സിറ്റിയിലും പുതുതായി ഒാട നിർമിച്ചു. മഴക്കാലത്തിനുമുേമ്പ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കുകയും ഒാടകൾ വൃത്തിയാക്കുകയും ചെയ്തിരുന്നതുകൊണ്ട് ഇത്തവണ കഴിഞ്ഞ വർഷം നവംബറിലുണ്ടായപോലെയുള്ള തകർച്ച ഉണ്ടായില്ല. കഴിഞ്ഞ നവംബറിലുണ്ടായ ശക്തമായ മഴയിൽ കുവൈത്തിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഒാടകളിൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയത്. മഴവെള്ളം കെട്ടിനിൽക്കാതെ സുഗമമായി ഒലിച്ചുപോകുന്നതിന് ഓവുചാലുകളുടെയും മാൻ ഹോളുകളുടെയും കാര്യക്ഷമത ഉറപ്പുവരുത്തിയത് ഫലംചെയ്തു.
ശക്തമായ മഴ പെയ്തിട്ടും ചില സ്ഥലങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടുണ്ടായത്. അറ്റകുറ്റപ്പണി വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെയും പുതിയ ഉപകരണങ്ങളും ലഭ്യമാക്കിയാണ് പൊതുമരാമത്ത് മന്ത്രാലയം ഭീഷണി അതിജീവിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യയായ ‘വെലോസിറ്റി’ ഉപയോഗിച്ചുതുടങ്ങിയത് കാര്യങ്ങൾ എളുപ്പമാക്കി. ‘വെലോസിറ്റി’ എന്ന യന്ത്രം ഉപയോഗിച്ച് റോഡുകളിലെ കുഴികള്‍ അടക്കാൻ വെറും മൂന്നു മിനിറ്റ് മതിയാവും. കുഴികൾ ശുദ്ധീകരിക്കാനും ടാറും മെറ്റലും കുഴികളിൽ ഒഴിക്കാനും ഇത് ഉപയോഗിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നതിനൊപ്പം മികച്ച ഉപരിതലവും സാധ്യമാക്കുന്നതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.