കുവൈത്ത് സിറ്റി: 80 ശതമാനം കുവൈത്തികളും സ്വകാര്യ മേഖലയിലെ ജോലി നിരസിച്ചതായി റിപ്പേ ാർട്ട്. ഏറ്റവും പുതിയ സർക്കാർ സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി അൽ ജരീദ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബ്ദുല്ല അൽ കൻദരി എം.പിയുടെ പാർലമെൻററി ചോദ്യത്തിന് മറുപടിയായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കിയത്. 2017ൽ ഇത് 59 ശതമാനമായിരുന്നു. സ്വകാര്യമേഖലയിലെ ജോലിയോട് സ്വദേശികൾക്ക് താൽപര്യം പിന്നെയും കുറയുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാൻപവർ അതോറിറ്റി വാഗ്ദാനം നൽകിയ സ്വകാര്യമേഖലയിലെ ജോലിയോട് ഭൂരിഭാഗവും വിമുഖത കാണിക്കുകയായിരുന്നു. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്കായി 2017ൽ 6861 സ്വകാര്യമേഖല തസ്തികയിലേക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ 4067 പേരും തയാറായില്ല.
കഴിഞ്ഞ വർഷം 5778 തസ്തികയിൽ അവസരമുണ്ടാക്കിയപ്പോൾ 1160 പേർ മാത്രമാണ് ജോലിക്ക് കയറിയത്. സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ പ്രത്യേക അലവൻസ് നൽകുന്നുണ്ട്. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന 30,000 സ്വദേശികൾക്ക് നൽകി വരുന്ന സബ്സിഡി തുക കഴിഞ്ഞവർഷം വർധിപ്പിച്ചു. സെക്കൻഡറി, ഇൻറർമീഡിയറ്റ് യോഗ്യതയുള്ളവരുടെ ആനുകൂല്യം പ്രതിമാസം 147 ദീനാറിൽനിന്ന് 161 ദീനാർ ആയും ലോവർ സർട്ടിഫിക്കറ്റുള്ളവരുടേത് 136 ദീനാറിൽനിന്ന് 161 ആയുമാണ് വർധിപ്പിച്ചത്. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനുപുറമെ സർക്കാർ നൽകിവരുന്ന അലവൻസാണ് വർധിപ്പിച്ചത്. എന്നിട്ടും താൽപര്യം കുറയുന്നതായാണ് റിപ്പോർട്ട്. സ്വദേശി യുവാക്കളെ സ്വകാര്യമേഖലയിലേക്ക് ആകർഷിക്കുന്നതിന് സ്വകാര്യ തൊഴിൽനിയമം ഭേദഗതി ചെയ്യുന്നത് സർക്കാറിെൻറ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.