കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തുന്ന പ്രവാസികൾക്ക് ആരോഗ്യ സുരക്ഷപരിശോധന ശക്തമാക്കുന്നു. ജി.സി.സി ഹെൽത്ത് കൗൺസിൽ വികസിപ്പിച്ച നിയമാവലി പ്രകാരമായിരിക്കും പരിശോധനകൾ. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ അവാദി ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചു. 54 നിർദേശങ്ങൾ ഉൾകൊള്ളുന്ന നിയമാവലിയിൽ പ്രവാസികൾ കുവൈത്തിൽ എത്തുന്നതിനു മുമ്പും എത്തികഴിഞ്ഞുമുള്ള പരിശോധന മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു.
വിദേശത്തുള്ള അംഗീകൃത മെഡിക്കൽ സെന്ററുകളെ ഡിജിറ്റൽ സംവിധാനത്തിലൂടെ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി നേരിട്ട് ബന്ധിപ്പിക്കും. ഇതിലൂടെ മെഡിക്കൽ റിപ്പോർട്ടുകളിൽ സുതാര്യത ഉറപ്പാക്കാനും കൃത്രിമങ്ങൾ തടയാനും ശ്രദ്ധനൽകും. വിദേശത്തുള്ള പരിശോധനാ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും കർശനമായ നിരീക്ഷണമുണ്ടാകും. പ്രവാസികൾക്കുള്ള ആരോഗ്യ പരിശോധനകൾ, പ്രതിരോധ കുത്തിവെപ്പുകൾ എന്നിവ പരിഷ്കരിക്കും.
സുതാര്യത, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, അനധികൃത കേന്ദ്രങ്ങളെ തടയൽ, നവീകരിച്ച നടപടിക്രമങ്ങൾ, വിപുലീകരിച്ച ഇലക്ട്രോണിക് സംയോജനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധന കൃത്യത വേഗത്തിലാക്കലും മെച്ചപ്പെടുത്തലും വിദേശ മെഡിക്കൽ സെന്ററുകളുടെ മേൽനോട്ടം ശക്തിപ്പെടുത്തലും ഇതുവഴി ലക്ഷ്യമിടുന്നു.
വിദേശത്തുള്ള മെഡിക്കൽ സ്ക്രീനിംഗ് സെന്ററുകൾക്ക് ലൈസൻസ് നൽകുന്നതിനും വിലയിരുത്തുന്നതിനുമുള്ള വിശദമായ മാനദണ്ഡങ്ങൾ, ക്ലിനിക്കൽ, ലബോറട്ടറി, റേഡിയോളജിക്കൽ പരിശോധനകളിലെ സുതാര്യത, മെഡിക്കൽ ഫിറ്റ്നസും അംഗീകൃത സംവിധാനങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുകയും രാജ്യത്തെ ആരോഗ്യ സുരക്ഷ മെച്ചപ്പെടുത്തുകയുമാണ് ഇതുവഴി ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.