കുവൈത്ത് സിറ്റി: യു.എ.ഇ, ജോർഡൻ എന്നിവക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്. ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സഹോദരരാജ്യങ്ങളായ യു.എ.ഇക്കും ജോർഡനും പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത്, ഇരു രാജ്യങ്ങളും തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും, സുരക്ഷയും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പിൻതുണ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ജോർഡനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. എന്നാൽ ജോർഡൻ വ്യോമാതിർത്തിയിൽ വെച്ച് തന്നെ ഈ മിസൈലുകളെല്ലാം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി യു.എസ് വ്യക്തമാക്കി. ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ജോർഡനുനേരെ ഇറാൻ ആക്രമണം.
അതിനിടെ, യു.എ.ഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലെ യു.എസ് സൈനിക ലക്ഷ്യങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം ഉണ്ടായി. യു.എ.ഇയുടെ സമുദ്രാതിർത്തിയിൽ എത്തിയ ഒരു ഡ്രോണിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി യു.എ.ഇ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ പൂർണ സജ്ജമാണെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിരീക്ഷണം തുടരുന്നുണ്ടെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇടവേളക്കുശേഷം യു.എസ്-ഇറാൻ സംഘർഷം വീണ്ടും ഉടലെടുത്തതോടെ ആക്രമണം വ്യാപിക്കുമോ എന്ന ഭീതിയിലാണ് മേഖലയിലെ രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.