തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യത്യസ്ത നായ ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യസ്ഥിതി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് നേരിട്ടെത്തി അന്വേഷിച്ചു. അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് പബ്ലിക് അതോറിറ്റിയുടെ വളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഒരു ജീവനക്കാരൻ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്. ഫർവാനിയ ആശുപത്രിയിൽ പ്രവേശിച്ച ഇദ്ദേഹത്തെ മന്ത്രി സന്ദർശിച്ചു ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ ആരാഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കാനും തുടർന്നും നല്ല ആരോഗ്യം നിലനിർത്താനും ആശംസിച്ചു. വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ നായയുടെ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ സ്വദേശി വനിതയും നായയുടെ ആക്രമണത്തിനിരയായി. വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചികിത്സയ്ക്കായി ഇവരെ അമീരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതിയും മന്ത്രി ശൈഖ് ഫഹദ് പരിശോധിച്ചു.

അക്രമം നടത്തിയ നായ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. വളർത്തു മൃഗത്തെ പരിപാലിക്കുന്നതിലുണ്ടായ അശ്രദ്ധയും അതുമൂലമുണ്ടായ ആകസ്മികമായ പരിക്കും സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിച്ചു. തെരുവുനായ്ക്കളെ കാണുമ്പോൾ ജാഗ്രത പാലിക്കണമെന്നും അവയെ സമീപിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരെയും ഉണർത്തി. നായ്ക്കളിൽ നിന്ന് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്താനും മുതിർന്നവരുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

മറക്കേണ്ട, 112-ൽ വിളിക്കാം

നായ്ക്കൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് അടിയന്തര സേവന നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിക്കാം. വിളിക്കുന്നവർ കൃത്യമായ സ്ഥലം അറിയിക്കണം. വിവരം ലഭിക്കുന്ന മുറക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് നായ്ക്കളെ കൈകാര്യം ചെയ്യും.

Tags:    
News Summary - Stray Dog Attack in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.