മലയാളി നഴ്സിനെ കുത്തി പരിക്കേല്‍പ്പിച്ച  സംഭവത്തില്‍ വഴിത്തിരിവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ മലയാളി നഴ്സിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ആക്രമണത്തിനുപിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്‍െറ കൂടെ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി. കൃത്യം നടത്തിയ ശേഷം ഇയാള്‍ നാട്ടിലേക്ക് കടന്നതായാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇയാള്‍ ഭീഷണി പ്പെടുത്തിയിരുന്നതായി യുവതിയുടെ ഭര്‍ത്താവ് വെളിപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് കോട്ടയം സ്വദേശിനിയായ നഴസിന് കുത്തേറ്റത്. അബ്ബാസിയയില്‍ അടുത്തകാലത്തായി ഇന്ത്യക്കാര്‍ക്കെതിരെ നിരന്തരമായുണ്ടാകുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു നഴ്സ് ആക്രമിക്കപ്പെട്ട സംഭവം വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, കുത്തേറ്റ യുവതിയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടിന്‍െറ പേരില്‍ തമിഴ്നാട് സ്വദശി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവതിയുടെ ഭര്‍ത്താവ് ബിജോയ്ക്ക് ബാബ്തൈന്‍ കമ്പനിയിലാണ് ജോലി. 

ഇതേ കമ്പനിയില്‍ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയില്‍നിന്ന് ബിജോ പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ഒന്നു രണ്ടു തവണ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബിജോ പറഞ്ഞു. അക്രമി മുഖം മറച്ചിരുന്നെങ്കിലും പ്രഭാകരനുമായി രൂപസാദൃശ്യം ഉള്ളതായി ആരോഗ്യനില വീണ്ടെടുത്ത ശേഷം തന്‍െറ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടും ഇന്ത്യന്‍ സ്ഥാനപതിയോടും സൂചിപ്പിച്ചതായും ബിജോ പറഞ്ഞു. 

അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നത്. തന്‍െറ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലിചെയ്യുന്ന പുരുഷ നഴ്സാണ് എന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചരിച്ച വാര്‍ത്ത തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ബിജോയ് പറഞ്ഞു. സ്വന്തം താമസസ്ഥലത്ത് യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിയിരുന്നു. പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

News Summary - kuwait crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.