കുവൈത്ത് സഹായവസ്തുക്കൾ ഗസ്സയിൽ
കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിൽ ഫലസ്തീനികൾക്ക് ആശ്വാസമായി ഗസ്സയിലേക്ക് മാനുഷിക സഹായം അയച്ച രാജ്യങ്ങളിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്. ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്.
രാജ്യങ്ങളുടെ പട്ടികയിൽ 6,900 ടൺ സഹായം നൽകിയ ഈജിപ്ത് ഒന്നാം സ്ഥാനത്താണ്. 546.9 ടണ്ണുമായി ലിബിയ രണ്ടാം സ്ഥാനത്തും 412 ടണ്ണുമായി കുവൈത്ത് മൂന്നാമതുമാണ്. 286 ടണ്ണുമായി ഖത്തർ നാലാം സ്ഥാനത്തെത്തി.
ഗസ്സയിലെ ജനങ്ങൾക്ക് അറബ് രാജ്യങ്ങൾ നൽകിയ മൊത്തം സഹായത്തിന്റെ അളവ് 8,495 ടൺ ആണെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. അറബ് ഇതര രാജ്യങ്ങൾ നൽകിയത് 767 ടൺ സഹായമാണ്.
കുവൈത്തും സമീപ രാജ്യങ്ങളും അയക്കുന്ന സഹായം ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിൽനിന്നാണ് റഫ അതിർത്തി വഴി ഗസ്സയിലേക്ക് അയക്കുന്നത്. ഇതുവരെ എത്തിയ മൊത്തം മാനുഷിക സഹായം 9.262 ടൺ കവിഞ്ഞതായും ഈജിപ്ഷ്യൻ റെഡ് ക്രസന്റ് അറിയിച്ചു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിന്റെ തുടക്കം മുതൽ കുവൈത്ത് മാനുഷിക സഹായം അയക്കുന്നുണ്ട്. ഇതിനായി എയർ ബ്രിഡ്ജ് സ്ഥാപിക്കുകയും 17 വിമാനങ്ങൾ വഴി അൽ അരിഷ് എയർപോർട്ടിലേക്ക് അടിയന്തര സഹായം അയക്കുകയും ചെയ്തു. ഭക്ഷണം, വസ്ത്രങ്ങൾ, ടെന്റുകൾ, പുതപ്പുകൾ, സോളാർ പാനലുകൾ, ഡ്രില്ലിങ് ഉപകരണങ്ങൾ, ബുൾഡോസറുകൾ, ട്രക്കുകൾ, മെഡിക്കൽ സപ്ലൈസ്, 19 സജ്ജീകരിച്ച ആംബുലൻസുകൾ എന്നിവ ഗസ്സക്കുള്ള കുവൈത്ത് സഹായത്തിൽ ഉൾപ്പെടുന്നു.
ഗസ്സയിൽ ആശുപത്രികൾ ലക്ഷ്യംവെച്ച് ആക്രമണം നടത്തുന്ന ഇസ്രായേൽ സേന ഇതിനകം നിരവധി ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും നശിപ്പിച്ചു. ഗസ്സയിൽ 21 ആശുപത്രികൾ പൂട്ടി. നൂറിലേറെ ഫലസ്തീൻ ഡോക്ടർമാർ കൊല്ലപ്പെട്ടു. 51 ആംബുലൻസുകൾ നശിപ്പിക്കുകയും ചെയ്തു. ഇതിനാൽ ആക്രമണത്തിൽ പരിക്കേറ്റവരും രോഗബാധിതരും വലിയ ദുരിതം നേരിടുകയാണ്. പാർപ്പിടങ്ങൾ തകരുകയും വൈദ്യുതിയും ഇന്ധനവും കുടിവെള്ളവും നിലച്ച് ഭക്ഷണവും അഭയവും നഷ്ടപ്പെട്ടവരായും ഗസ്സ നിവാസികൾ മാറി. ഇവർക്ക് വലിയ ആശ്വാസമായാണ് കുവൈത്ത് സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.