ആർമി വൈസ് ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഉദ്യോഗസ്ഥർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് ആർമി വൈസ് ചീഫ് ഓഫ് സ്റ്റാഫ് എയർ വൈസ് മാർഷൽ സബാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് അമീരി ഗാർഡിൽ ഫീൽഡ് സന്ദർശനം നടത്തി.
സൈനിക സജ്ജീകരണങ്ങൾ നിരീക്ഷിക്കുന്നതിനും, പോരാട്ട ശേഷി ഉറപ്പാക്കുന്നതിനും, രാജ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദർശനം. മേജർ ജനറൽ ബദർ അൽ സഹ്ലൂലും അമീരി ഗാർഡ് കമാൻഡർ മേജർ ജനറൽ അദേൽ അൽ കന്ദരിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
അമീരി ഗാർഡിന്റെ തയാറെടുപ്പുകളും ചുമതലകളും സുരക്ഷ, പ്രതിരോധ നടപടികളും അദ്ദേഹം വിലയിരുത്തി. അമീരി ഗാർഡ് ഉദ്യോഗസ്ഥരുടെ അച്ചടക്കത്തെയും സമർപ്പണ മനോഭാവത്തെയും വൈസ് ചീഫ് അഭിനന്ദിച്ചു.
കുവൈത്ത് സിറ്റി: എല്ലാ സാഹചര്യങ്ങളിലും സാമ്പത്തിക സേവനങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനായി ധനകാര്യ മന്ത്രാലയം അടിയന്തര പദ്ധതി സജീവമാക്കി. കിഴക്കൻ, തെക്കൻ മന്ത്രാലയ സമുച്ചയ കെട്ടിടങ്ങൾക്കുള്ളിലെ ഷെൽട്ടറുകൾ 900 പേരെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന പൂർണ സാങ്കേതിക, സേവന ശേഷികളോടെ സജ്ജമാക്കും. അടിയന്തര ഉപയോഗത്തിനായി കിഴക്കൻ പാർക്കിങ് ഏരിയയിലെ സംഭരണ വെയർഹൗസുകളും ഉപയോഗപ്പെടുത്തും.
ഒറാക്ക്ൾ, ഗവൺമെന്റ് ഫിനാൻഷ്യൽ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം എന്നിവയുൾപ്പെടെയുള്ള പ്രധാന സാമ്പത്തിക സംവിധാനങ്ങൾ ബദൽ ഉപകരണങ്ങൾ ഉപയോഗിച്ച് സജീവമാക്കുന്നതിനെക്കുറിച്ചും മന്ത്രാലയം സൂചിപ്പിച്ചു. പ്രത്യേക സൈബർ സുരക്ഷ പ്രോഗ്രാമുകളുടെ പിന്തുണയോടെ സുരക്ഷിതമായ ഇലക്ട്രോണിക് പരിതസ്ഥിതിയിൽ വിദൂര പ്രവർത്തന ശേഷികൾ പ്രാപ്തമാക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സിവിൽ ഡിഫൻസ് വകുപ്പ് ഉൾപ്പെടെയുള്ള അധികാരികളുമായി ഏകോപിപ്പിച്ച് തുടർച്ചയായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാനിൽനിന്ന് മടങ്ങിയെത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇറാനിൽ നിന്ന് കുവൈത്ത് പൗരൻമാരുടെ രണ്ടാമത്തെ ബാച്ച് ഞായറാഴ്ച രാജ്യത്ത് എത്തി. ഇവർക്ക് വിമാനത്താവളത്തിൽ ബന്ധുക്കളും അധികൃതരും സ്വീകരണം നൽകി. ഇറാനിൽ അകപ്പെട്ടവർക്ക് സുരക്ഷിതമായി തിരിച്ചുവരാനുള്ള പദ്ധതി വിദേശകാര്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ട്.
കുവൈത്തിലെയും ഇറാനിലെയും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇറാനിൽനിന്നുള്ള ആദ്യ സംഘം ശനിയാഴ്ച കുവൈത്തിൽ എത്തിയിരുന്നു. ഇറാനിലെ മുഴുവൻ പൗരൻമാരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ നേരത്തേ വ്യക്തമാക്കിയിരുന്നു.
വിമാന സർവിസുകൾ സുഗമമാക്കുന്നതിനും കുവൈത്ത് പൗരന്മാർ സുരക്ഷിതമായി മാതൃരാജ്യത്തേക്ക് മടങ്ങുന്നത് ഉറപ്പാക്കുന്നതിനും ഇറാനിയൻ, തുർക്ക്മെനിസ്താൻ അധികാരികൾ നടത്തിയ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.