കുവൈത്ത് സിറ്റി: ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമായ കോർസെറ ഗ്ലോബൽ സ്കിൽസ് ഇൻഡക്സിൽ (ജി.എസ്.ഐ) മികച്ച നേട്ടവുമായി കുവൈത്ത്. ഗൾഫ് മേഖലയിൽ കുവൈത്ത് അഞ്ചാം സ്ഥാനവും ആഗോളതലത്തിൽ 69ാം സ്ഥാനവും നേടി. 25 മുതൽ 49 ശതമാനം വരെ നൈപുണ്യ പ്രകടന സ്കോറുള്ള രാജ്യങ്ങൾ ഉൾപ്പെടുന്ന ‘എമർജിങ് കൺട്രീസ്' വിഭാഗത്തിലാണ് കുവൈത്തിന്റെ നേട്ടമെന്ന് അൽറായ് പത്രം റിപ്പോർട്ട് ചെയ്തു. ബിസിനസ്, ടെക്നോളജി, ഡാറ്റാ സയൻസ് മേഖലകളിലെ നൈപുണ്യത്തിൽ താരതമ്യേന ശരാശരി പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളിലും കുവൈത്ത് ഇടം നേടി. യു.എ.ഇ അറബ് ലോകത്ത് ഒന്നാമതെത്തി. ആഗോളതലത്തിൽ 38-ാം സ്ഥാനവും നേടി. ഖത്തർ 40, ബഹ്റൈൻ 51, സൗദി അറേബ്യ 54, ഒമാൻ 75 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളുടെ പട്ടിക. റാങ്കിങ്ങിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒമാനെ മറികടന്നു. സ്വിറ്റ്സർലൻഡ് മൊത്തത്തിലുള്ള റാങ്കിങ്ങിൽ ഒന്നാമതെത്തി. നെതർലാൻഡ്സ്, സ്വീഡൻ, സിംഗപ്പൂർ, ഫിൻലാൻഡ് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയ രാജ്യങ്ങൾ. യമൻ, സുഡാൻ, ഇത്യോപ്യ, വെനിസ്വേല, ഇറാഖ് എന്നീ രാജ്യങ്ങളാണ് അവസാന സ്ഥാനങ്ങളിലുള്ളത്. കോർസെറ പ്ലാറ്റ്ഫോമിലെ 170 ദശലക്ഷത്തിലധികം പഠിതാക്കളിൽ നിന്നുള്ള ഡാറ്റയും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്), ലോക ബാങ്ക് തുടങ്ങിയ സംഘടനകളിൽ നിന്നുള്ള ബാഹ്യ സൂചകങ്ങളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.