രാഷ്ട്രീയ പ്രബുദ്ധത എന്ന നുണ പല ആവൃത്തി പറയുന്നതുകേട്ട് സത്യമാണെന്നു വിശ്വസിച്ചുപോയവരുടെ നാടായി കേരളം മാറിയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. വർത്തമാനകാല കേരളീയ രാഷ്ട്രീയ രംഗം ആ സംശയത്തെ ബലപ്പെടുത്തുന്നു. ഉന്നത സ്ഥാനത്തിരിക്കുന്ന നേതാക്കളുടെ ഭാഷയും പ്രയോഗങ്ങളും വ്യക്തിഹത്യകളും എത്രമാത്രം വെറുപ്പുളവാക്കുന്നതാണ്. നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും വെല്ലുവിളിച്ചും വളരെ മോശമായ സംബോധനകള്‍ നടത്തിക്കൊണ്ടും തങ്ങളുടെ ഇഷ്ടത്തിനെതിരെ നില്‍ക്കുന്നവരെ കൈകാര്യംചെയ്യുന്ന രീതിയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
സ്വന്തം പാർട്ടിക്കാർ ചെയ്യുമ്പോൾ അത് കേമവും മറ്റുള്ളവർ ചെയ്യുമ്പോൾ നെറികേടും ആകുന്ന പ്രത്യയശാസ്ത്രമായി പുതിയ രാഷ്ട്രീയത്തെ വാർത്തെടുക്കുകയാണ്
നമ്മുടെ പ്രിയ നേതാക്കന്മാർ. മാനവികബോധത്തിലെ പ്രധാന സവിശേഷത പരസ്പര സ്നേഹവും വിശ്വാസവുമാണ്. അത് നമ്മിൽനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരസ്പര ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും മാനവരാശിയെ നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്കിനെ തിരസ്കരിച്ചുകൊണ്ടാണ് രാഷ്ട്രീയക്കാർ മുന്നോട്ടുപോകുന്നത്. നാടൻപ്രയോഗവും നാട്ടുഭാഷയുമെന്നൊക്കെയുള്ള രീതിയിൽ
സംഭാഷണവും ദ്വയാര്‍ഥ പ്രയോഗവും നന്നല്ല, മാന്യവുമല്ല. ആരോഗ്യകരമായ വിമര്‍ശനത്തെപ്പോലും ഇഷ്ടപ്പെടാത്തവരും വിരോധത്തോടെ കാണുന്നവരും ഉണ്ട്. രാഷ്ട്രീയമായ എതിർപ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണകരമാവില്ല. സൗമ്യമായി, ശാന്തതയോടെ നിലപാട് വിശദീകരിക്കുകയും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താമെന്ന് സമ്മതിക്കുകയുമാണ് മാന്യത. കേവലം കൈയടിക്കുവേണ്ടിയോ വാർത്താപ്രാധാന്യത്തിനു വേണ്ടിയോ അണികളെ
ആവേശത്തിലാക്കാനോ വേണ്ടിയുള്ള ഇത്തരം വൃത്തികെട്ട രാഷ്ട്രീയക്കളി സ്വയം നിങ്ങളെ ഇല്ലാതാക്കുമെന്നുള്ള ബോധം നേതാക്കൾക്ക് വേണം. ജനങ്ങൾ എല്ലാം കാണുന്നുവെന്ന ബോധ്യത്തോടെ നാടിന്റെ നന്മക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് പക്വതയോടെ നേതൃത്വം നൽകാൻ നേതാക്കൾ ശ്രദ്ധിക്കണം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് വിവിധ മേഖലകളിൽ മാതൃകാപരമായ ഒട്ടനവധി നേട്ടങ്ങൾ നാം നേടിയിട്ടുണ്ട്. രാഷ്ട്രീയ പ്രബുദ്ധതയുടെയും വിദ്യാഭ്യാസത്തിന്റെയും പരകോടിയിൽ എത്തിയെന്ന് അഭിമാനംകൊള്ളണമെങ്കിൽ സ്വയം തിരുത്താൻ തയാറാകാത്ത നേതാക്കളെ തിരുത്തിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.