മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ
മുൻവിധികൾ റിപ്പോർട്ടുകളാകരുത്
പ്രത്യേക സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമപ്രവർത്തകർ മുൻവിധികൾക്ക് കീഴ്പ്പെടുകയും അതു റിപ്പോർട്ടറുടെയും ആങ്കറുടെയും ചോദ്യങ്ങളായി മാറുകയും ഇതുവെച്ച് തിയറികൾ ചമക്കുകയും ചർച്ചചെയ്യുകയും ചെയ്യുക എന്നത് മാധ്യമപ്രവർത്തന മേഖലക്ക് ഭൂഷണമല്ല. ചില സന്ദർഭത്തിൽ ഇത് സംഭവിക്കുന്നുണ്ട്. സംഭവങ്ങളിലെ വാസ്തവമല്ല, അതിനോട് അനുബന്ധമായി എന്തൊക്കെ വരാം, എന്തൊക്കെ പറയാൻ കഴിയും, ഏതൊക്കെ തരത്തിലുള്ള സംശയങ്ങൾ ഉന്നയിക്കാം എന്നുള്ളതാണ് ആദ്യമേ ആലോചിക്കുന്നത്. ഇതാണ് കളമശ്ശേരി വിഷയത്തിൽ ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിലുണ്ടായത്. ഇതേ പ്രശ്നം ഫലസ്തീൻ വിഷയത്തിലുമുണ്ട്. ഹമാസ് എന്താണെന്ന് മനസ്സിലാക്കാൻപോലും ശ്രമം നടക്കുന്നില്ല. അതേസമയം, ഇസ്രായേൽ മാധ്യമങ്ങളും പാശ്ചാത്യമാധ്യമങ്ങളും പറഞ്ഞുപരത്തുന്ന ചില സങ്കൽപങ്ങളുണ്ട്. അതിനെ ആശ്രയിക്കുകയും ചെയ്യുന്നു. ഇത്തരം വാർത്തകൾ മാധ്യമങ്ങളിൽ ആവർത്തിക്കുന്നു എന്നത് ഖേദകരമാണ്. എന്നാൽ, ഒരുപാട് വിഷയങ്ങളിൽ മാധ്യമങ്ങൾക്ക് ഈ തെറ്റുപറ്റുന്നു എന്ന് പറയാനുമാകില്ല. ഇത് വളരെ സെലക്ടീവാണെന്നും കാണാനാകും. ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പേരുകൾ, സ്ഥലനാമങ്ങൾ എന്നിവയിൽ അതിവേഗം ഊഹങ്ങൾ പടരുന്നു.
മാധ്യമങ്ങൾ തെറ്റുതിരുത്തുന്നത് നല്ലകാര്യം
മാധ്യമങ്ങൾ തെറ്റുപറ്റുമ്പോൾ തിരുത്തുന്നത് നല്ലകാര്യമാണ്. തെറ്റുസംഭവിച്ചു എന്ന് ബോധ്യമായാൽ അത് തിരുത്തണമെന്നും വായനക്കാരെയും പ്രേക്ഷകരെയും അറിയിക്കണമെന്നും എന്നാണ് എന്റെ പക്ഷം. അബദ്ധം സംഭവിച്ചാൽ തിരുത്തുന്നതിൽ മീഡിയവൺ മടികാണിക്കാറില്ല. ഒരു പത്രവും കഴിഞ്ഞ ദിവസം തെറ്റു പറ്റിയതായി വ്യക്തമാക്കി. ഈ രീതി എല്ലാ മാധ്യമങ്ങൾക്കും മാതൃകയാക്കാവുന്നതാണ്. മാധ്യമമേഖലയിൽ ശുദ്ധീകരണത്തിന് ഇത് ചെറിയതോതിലെങ്കിലും വഴിവെക്കും. മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമം ബോധപൂർവമായും അല്ലാതെയും നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇത് രൂക്ഷമാണ്. ഈ എതിർപ്പിന്റെ പ്രധാനകാരണം രാഷ്ട്രീയമാണെന്നും കാണാനാകും. അതേസമയം, മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ചില തിരുത്തേണ്ട വിഷയങ്ങളുണ്ട്. നിലവാരത്തകർച്ച ശ്രദ്ധനൽകേണ്ട മേഖലയാണ്.
തിരക്കുകളുണ്ട്, കഥ തുടരും
എഴുത്ത് മറ്റൊരു വഴിയിലൂടെ സമാന്തരമായി സഞ്ചരിക്കുന്നുണ്ട്. പുതിയ നോവൽ പുറത്തിറക്കിയത് അടുത്തിടെയാണ്. 12 പൊളിറ്റിക്കൽ കഥകൾ ഉൾക്കൊള്ളുന്ന സമാഹാരവും അടുത്തിടെ പുറത്തിറങ്ങി. ജോലിത്തിരക്കുകൾ എഴുത്ത് മുടക്കാറുണ്ട്. എഴുത്തിനായി മാത്രം ഇരിക്കുന്ന സമയം കുറവാണ് എന്നതാണ് പ്രധാന തടസ്സം. തിരക്കുകളിൽ പാതിവഴിയിൽ പലതും മുറിഞ്ഞുപോകുന്നുമുണ്ട്. എങ്കിലും എഴുതാൻതന്നെയാണ് പരമാവധി ശ്രമം.
പ്രവാസം സഹവർത്തിത്വത്തിന്റെ പാഠം
പല ഗൾഫ് രാജ്യങ്ങളിലും നിരവധി തവണ സന്ദർശിച്ചിട്ടുണ്ട്. പ്രവാസം സൃഷ്ടിക്കുന്ന ഒരു കേരളീയ ബോധമുണ്ട്. അതിലൂടെ മലയാളിത്തം ഇവർ സ്വന്തം നിലക്ക് കണ്ടെത്തുന്നു. അധ്വാനത്തിന്റെ മൂല്യം അറിഞ്ഞ് ജീവിതം കരുപ്പിടിപ്പിക്കുന്നവരാണ് പ്രവാസികൾ. സഹവർത്തിത്വത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പുലർത്തുന്നതിൽ പ്രവാസികൾ എന്നും മുന്നിലാണ്. പ്രവാസികളിൽനിന്ന് ഇവ കണ്ടുപഠിക്കാനാകും. കേരളത്തിലെ നിലവിലുള്ള സാമൂഹിക പശ്ചാത്തലത്തിൽനിന്ന് ആദരവോടെയല്ലാതെ പ്രവാസികളെ നോക്കിക്കാണാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.