കുവൈത്ത് സിറ്റി: രണ്ട് ഡോസുകൾ വ്യത്യസ്ത വാക്സിൻ നൽകുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു. ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യതയാണ് പഠിക്കുന്നത്. ആസ്ട്രസെനക വാക്സിൻ വൈകുന്നതാണ് ഇത്തരം ആലോചനകളിലേക്ക് അധികൃതരെ എത്തിച്ചത്.
മോഡേണ വാക്സിൻ വൈകാതെ എത്തുകയാണെങ്കിൽ രണ്ടാം ഡോസായി അത് നൽകുന്നതും ആലോചിക്കുന്നു. ഫലപ്രാപ്തിയും ആരോഗ്യ പ്രത്യാഘാതങ്ങളും എല്ലാം പഠിച്ചശേഷമാകും തീരുമാനമെടുക്കുക. അന്താരാഷ്ട്രതലത്തിൽ നടക്കുന്ന പഠനങ്ങളും നിരീക്ഷിക്കും.
കുവൈത്തിലേക്ക് ആസ്ട്രസെനക വാക്സിൻ മൂന്നാം ബാച്ചിെൻറ വരവ് വൈകുന്നത് നേരിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പുതുതായി ഇൗ വാക്സിൻ ഇപ്പോൾ നൽകുന്നില്ല. നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതലായി സൂക്ഷിക്കുകയാണ്. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിലവിലെ രീതി പ്രകാരം ആദ്യ ഡോസ് എടുത്ത അതേ വാക്സിൻ തന്നെ രണ്ടാം ഡോസും എടുക്കേണ്ടതുണ്ട്. 1,29,000 ഡോസാണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചിട്ടുള്ളത്. ഒാക്സ്ഫഡ് വാക്സിെൻറ മൂന്നാം ബാച്ച് വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ.
ആദ്യ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നൽകുന്നത്. ആസ്ട്രസെനക വാക്സിൻ ഫലപ്രദമാകാൻ ഇൗ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ ഷിപ്മെൻറ് വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നു. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ആരോഗ്യ വിദഗ്ധരുമായും ലോകാരോഗ്യ സംഘടനയുമായും കൂടിയാലോചിച്ച് മാത്രമേ കുവൈത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.
ഒാക്സ്ഫഡ് വാക്സിൻ മേയ് 20ന് ശേഷം എത്തുമെന്ന് പ്രതീക്ഷ
കുവൈത്ത് സിറ്റി: ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിെൻറ കുവൈത്തിലേക്കുള്ള മൂന്നാമത്തെ ഷിപ്മെൻറ് മേയ് 20നും 25നും ഇടയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷ. കമ്പനി അധികൃതരുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഉൽപാദകരുടെ ഭാഗത്തുനിന്നാണ് വൈകുന്നത്. ഫൈസർ വാക്സിൻ എല്ലാ ആഴ്ചയും മുടങ്ങാതെ എത്തുന്നുണ്ട്.
മേയ് 25നുള്ളിൽ മൂന്നാമത് ബാച്ച് എത്തുകയാണെങ്കിൽ രണ്ടാം ഡോസ് വിതരണത്തിന് പ്രശ്നമുണ്ടാകില്ല. 1,29,000 ഡോസ് ആസ്ട്രസെനക വാക്സിൻ കുവൈത്ത് കരുതൽ ശേഖരമായി വെച്ചിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനാണിത്. പുതുതായി ആർക്കും ഇൗ വാക്സിൻ നൽകുന്നില്ല.
ജൂണിനുമുമ്പ് എത്തിയില്ലെങ്കിൽ മുൻകരുതൽ എന്ന നിലക്കാണ് രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർധിപ്പിക്കുന്നതും മറ്റൊരു വാക്സിൻ രണ്ടാം ഡോസ് ആയി നൽകുന്നതും അധികൃതർ പഠിക്കുന്നതെന്ന് കോവിഡ് വാക്സിൻ കമ്മിറ്റി അംഗം ഡോ. മോണ അൽ അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.