ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനെത്തിയവർ
കുവൈത്ത്സിറ്റി: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനം കുവൈത്തിൽ സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയിൽ അംബാസഡര്‍ ഡോ.ആദർശ് സ്വൈക ദേശീയ പതാക ഉയര്‍ത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേര് പ്രതികൂല കാലാവസ്ഥയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി കാര്യാലയത്തില്‍ എത്തി.
രാവിലെ ഒമ്പതിന് അംബാസഡര്‍ രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടർന്ന് ദേശഭക്തി നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി. ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. കുവൈത്തിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന അംബാസഡര്‍ കുവൈത്ത് ജനതക്കും ഭരണാധികാരികള്‍ക്കും നന്ദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്തമാണ് നമുക്കുള്ളതെന്ന് അദ്ദേഹം ഉണര്‍ത്തി.
പ്രവാസികൾക്ക് കുടുംബ വിസ അനുവദിച്ച കുവൈത്ത് സര്‍ക്കാറിന് നന്ദി പറഞ്ഞ അംബാസഡര്‍ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. കുവൈത്ത് മുന്‍ അമീറിന്റെ നിര്യാണവും ഫലസ്തീനോടുള്ള ഐക്യദാർഢ്യവും കാരണം നിയന്ത്രണമുള്ളതിനാല്‍ റിപ്പബ്ലിക് ദിനത്തിൽ മറ്റു ആഘോഷപരിപാടികൾ ഉണ്ടായില്ല.
അംബാസഡര്‍ ഡോ. ആദർശ് സ്വൈക രാഷ്ട്രപതിയുടെ സന്ദേശം വായിക്കുന്നു
കുവൈത്ത് നേതൃത്വം ആശംസകൾ നേർന്നു
കുവൈത്ത്സിറ്റി: റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. സന്ദേശത്തിൽ അമീർ ഇന്ത്യൻ പ്രസിഡന്റിന് ആയൂരാരോഗ്യവും രാജ്യത്തിന് കൂടുതൽ പുരോഗതിയും നേർന്നു. പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു. ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനും ലോക്സഭ സ്പീക്കർ ഓം ബിർളക്കും ആശംസകൾ അറിയിച്ച് സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.