ഡോ. ആദർശ് സ്വൈക
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്തിലെ ഭരണനേതൃത്വത്തിനും സ്വദേശികൾക്കും ഇന്ത്യൻ ജനവിഭാഗങ്ങൾക്കും പെരുന്നാൾ ആശംസ നേർന്നു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് ആശംസ നേർന്ന അംബാസഡർ കുവൈത്ത് സർക്കാറിനും സുഹൃദ് ജനങ്ങൾക്കും കുവൈത്തിലെ എല്ലാ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്നു.
എല്ലാവരിലും സ്നേഹവും സന്തോഷവും അനുഗ്രഹവും നിറയട്ടെയെന്ന് അംബാസഡർ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കുവൈത്തിലെന്നപോലെ, പെരുന്നാൾ ഇന്ത്യയിലെ ഒരു പ്രത്യേക ആഘോഷമാണ്. രാജ്യത്തുടനീളം ഈദുൽ ഫിത്ർ ആഘോഷിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. മതങ്ങളുടെയും വിശ്വാസങ്ങളുടെയും വൈവിധ്യം, വിവിധ സാമൂഹിക-സാംസ്കാരിക, ഭാഷ, മത പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകൾ ഐക്യത്തോടെ ജീവിക്കുന്നത് എന്നിവ ഇന്ത്യയുടെ മുഖമുദ്രയാണെന്നും അംബാസർ സൂചിപ്പിച്ചു.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹമെന്ന നിലയിൽ ഇന്ത്യൻ സമൂഹം കുവൈത്ത് സമൂഹത്തിന്റെ അവിഭാജ്യഘടകമായി തുടരുന്നു. ചരിത്രവും സാംസ്കാരിക ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ബന്ധങ്ങൾ വളർത്തിയെടുത്തു.
കുവൈത്തിന്റെ വികസനത്തിനും വളർച്ചക്കും ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ ബന്ധങ്ങൾ കൂടുതൽ ദൃഢമായി തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധത അറിയിക്കുന്നതായും അംബാസഡർ വ്യക്തമാക്കി.
റമദാനിൽ വർണ വെളിച്ചത്താൽ അലങ്കിച്ച ബിലാൽ ബിൻ റബാഹ് മസ്ജിദ്. ആയിരങ്ങളാണ് ദിവസവും ഇവിടെ പ്രാർഥനക്കെത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.