കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി പൗരത്വം നേടിയെടുത്തവർക്കെതിരായ നടപടി തുടർന്ന് സുപ്രീം കമ്മിറ്റി. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 3,856 വ്യക്തികളുടെ പൗരത്വം റദ്ദാക്കാൻ തീരുമാനമെടുത്തു.
ഇതിന് മന്ത്രിസഭ അംഗീകാരം ലഭിക്കുന്നതോടെ നടപടിക്രമങ്ങൾ പൂര്‍ത്തിയാകും. ‘അബ്ദലി സെൽ’ കേസിൽ ശിക്ഷിക്കപ്പെട്ടവരും തീവ്രവാദ ധനസഹായ കേസിൽ ശിക്ഷിക്കപ്പെട്ടവരും പൗരത്വം റദ്ദാക്കപ്പെട്ടവരിൽ ഉൾപ്പെടും. രാജ്യത്ത് സ്ഫോടനവും അസ്ഥിരതയും ഉണ്ടാക്കുകയെന്ന പ്രത്യേക ലക്ഷ്യത്തിൽ ഒരു വിഭാഗം സംഘടിച്ചുവെന്നതാണ് അബ്ദലി ചാരക്കേസ്. തോക്കുകളും സ്ഫോടന വസ്തുക്കളുമുൾപ്പെടെ മാരകായുധങ്ങൾ അബ്ദലിയിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതോടെയാണ് സെല്ലിന്റെ ഗൂഢപദ്ധതി തകർക്കാനായത്.
രാജ്യ സുരക്ഷക്ക് ഭീഷണിയായ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നിയമം ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. പൗരത്വം റദ്ദാക്കൽ, കുറ്റവാളികളായ വ്യക്തികൾക്ക് മാത്രമേ ബാധകമാകൂ എന്നും അവരുടെ കുടുംബങ്ങൾക്കോ അല്ലെങ്കിൽ ബന്ധങ്ങളിലൂടെ പൗരത്വം നേടിയ മറ്റുള്ളവർക്കോ ബാധകമല്ലെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്.
പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്. പാസ്പോർട്ട്-പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധിപേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.