കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ്
വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും ഇസ്രായേൽ അധിനിവേശവും അവസാനിപ്പിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് ആവശ്യപ്പെട്ടു. ഇസ്രായേൽ ഉപരോധം മൂലം ഗസ്സയിൽ ആസന്നമായ മാനുഷിക ദുരന്തത്തിനെതിരെ അൽ ബർജാസ് മുന്നറിയിപ്പ് നൽകി.
ഈജിപ്ഷ്യൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരണ പ്രോട്ടോക്കോൾ ഒപ്പിടുന്നത് സംബന്ധിച്ച സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഗസ്സയിലെ മിക്ക ആശുപത്രികളിലും ഇന്ധനം തീർന്നുകൊണ്ടിരിക്കുകയാണെന്നും അനസ്തേഷ്യ കൂടാതെയാണ് ശസ്ത്രക്രിയകൾ നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇന്ധനത്തിന്റെ അഭാവം മൂലം ബേക്കറികളും വൈകാതെ പ്രവർത്തനം നിലക്കും. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകളും മെഡിക്കൽ സപ്ലൈകളും ആവശ്യമായ സമയമാണിതെന്നും അവർ കൂട്ടിച്ചേർത്തു. വലിയ മാനുഷിക ദുരന്തം ഒഴിവാക്കാൻ ആശുപത്രികളും ബേക്കറികളും പ്രവർത്തിപ്പിക്കുന്നതിന് ഗസ്സയിലേക്ക് ഇന്ധനം കടത്തിവിടാൻ ഇസ്രായേലിനെ നിർബന്ധിക്കണമെന്ന് അൽ ബർജാസ് അന്താരാഷ്ട്ര സംഘടനകളോട് അഭ്യർഥിച്ചു.
ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരമായ ആക്രമണങ്ങളെയും കൂട്ടക്കൊലകളെയും അൽ ബർജാസ് അപലപിച്ചു. മരിച്ചവരിൽ 40 ശതമാനവും കുട്ടികളാണെന്ന് ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ലംഘിച്ചാണ് ഇസ്രായേൽ അധിനിവേശം. ഗസ്സയിലെ ജനങ്ങൾക്കെതിരെ നടത്തുന്ന കൂട്ടക്കൊലകൾ അവസാനിപ്പിക്കാൻ ഇടപെടാൻ ലോക രാജ്യങ്ങളോട് അൽ ബർജാസ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.