ഐ.സി.എഫ് ലഹരി വിരുദ്ധ ജനകീയ കാമ്പയിൻ ലോഗോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള സർക്കാർ ലഹരി മാഫിയകൾക്കെതിരെ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാന്’ ഐ.സി.എഫ് ഇന്റർനാഷണൽ കൗൺസിൽ പിന്തുണ. ഐ.സി.എഫ് ലഹരി വിരുദ്ധ ജനകീയ കാമ്പയിന്റെ ഭാഗമായി 'ലവ് ലൈഫ്, നോ ഡ്രഗ്സ് - ജീവിതം തന്നെയാണ് ലഹരി' എന്ന പ്രമേയത്തിലുള്ള പ്രചാരണത്തിന് തുടക്കമായി. പദ്ധതിയുടെ ലോഗോ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം നിർവ്വഹിച്ചു.
മയക്കുമരുന്നിനെതിരായ സർക്കാർ പോരാട്ടത്തിൽ ഐ.സി.എഫ് പോലെയുള്ള സംഘടനകൾ അണിചേരുന്നത് പ്രശംസനീയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുൽ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് 1,00,000ത്തിലധികം ആളുകളിൽ നേരിട്ടുള്ള ബോധവൽക്കരണം, 25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ, 50,000 വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രത്യേക പരിശീലനം, 1,000 കമ്മ്യൂണിറ്റി ആക്ഷൻ യൂണിറ്റുകളുടെ രൂപീകരണം എന്നിവ നടപ്പാക്കും.
സെമിനാറുകൾ, ഫാമിലി മീറ്റുകൾ, യൂത്ത് ക്യാമ്പുകൾ, വാക്കത്തോൺ, ഹ്യൂമൻ ചെയിൻ, സിഗ്നേച്ചർ കാമ്പയിൻ എന്നിവയും സംഘടിപ്പിക്കുമെന്ന് ഐ.സി.എഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.