കുവൈത്ത് സിറ്റി: ഗ്ലോബൽ തിക്കോടിയൻസ് ഫോറം അംഗങ്ങളുടെ പങ്കാളിത്തത്തോടെ കുവൈത്തിൽ ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കുവൈത്തിലെ സാധാരണക്കാരായ ജി.ടി.എഫ് അംഗങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെ സൂപ്പർ മാർക്കറ്റ് ഏറ്റെടുത്തു നടത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. അടുത്ത മാസം ആദ്യം സൂപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞതായി ജി.ടി.എഫ് പ്രോജക്ട് കമ്മിറ്റി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വർഷങ്ങൾ പ്രവാസിയായി കഴിഞ്ഞിട്ടും ഒന്നുമാകാതെ തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥക്ക് പരിഹാരമായാണ് സാധാരണക്കാരെ കൂട്ടയോജിപ്പിച്ച് ഇത്തരം പദ്ധതികൾക്ക് ജി.ടി.എഫ് തുടക്കം കുറിച്ചത്. സാധാരണ പ്രവാസികൾക്ക് സാധ്യമാവുന്ന വിധത്തിൽ ഒരു ഷെയറിന് 10 ദിനാർ എന്ന രീതിയിൽ ജി.ടി.എഫ് അംഗങ്ങളിൽനിന്നാണ് മൂലധനം കണ്ടെത്തുന്നത്. 50 മുതൽ 200 ഓഹരികൾ വരെ ഒരംഗത്തിനു വാങ്ങാവുന്ന രീതിയിലാണ് ക്രമീകരണം.
മൂന്നു മാസം കൊണ്ട് നിക്ഷേപ തുക അടച്ചുതീർത്താൽ മതി. കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽനിന്ന് ഗൾഫിലെത്തിയ പ്രവാസികളുടെ കൂട്ടായ്മയാണ് ഗ്ലോബൽ തിക്കോടിയൻസ് ഫോറം. ആറു ഗൾഫ് രാജ്യങ്ങളിലും ജി.ടി.എഫ് ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
എല്ലാ ചാപ്റ്ററുകളെയും യോജിപ്പിച്ച് ഗ്ലോബൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.